Quantcast

റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് പങ്കെടുക്കും

പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്

MediaOne Logo

Web Desk

  • Published:

    29 Nov 2023 7:18 PM GMT

റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് പങ്കെടുക്കും
X

ജിദ്ദ: മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ സൗദിയിലെ ജിദ്ദയിൽ തുടക്കമാകും. കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങളെ കൊണ്ട് ശ്രദ്ധേയമായിരിക്കും ചലച്ചിത്രോത്സവം. നാളെ മുതൽ ഡിസംബർ ഒമ്പത് വരെ മേള നീണ്ടുനിൽക്കും.

പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ സൗദി സംവിധായകൻ യാസിർ അൽ യസീരിയുടെ 'ഹവ്ജൻ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക. ജിദ്ദ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലാണ് പ്രധാന വേദി. കൂടാതെ പുറത്ത് കടൽത്തീരത്തും പ്രത്യേകമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിക്കപ്പെട്ട മനോഹരമായ വോക്‌സ് തിയേറ്ററുകളിലാണ് ലോകോത്തര ക്ലാസിക് സിനിമകളുടെ പ്രദർശനം. വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ ഓണ്ലൈനിൽ ലഭ്യമാണ്. പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ് ലുഹ്ർമാനാണ് മേളയുടെ ജ്യൂറി അധ്യക്ഷൻ. സിനിമാ പ്രദർശനത്തോടൊപ്പം ചർച്ചാ സദസ്സുകളും സംവാദങ്ങളും വർക്ക്‌ഷോപ്പുകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. സൗദിയിൽ നിന്നുള്ള സിനിമകൾക്ക് പുറമെ അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മൽസരത്തിൽ മാറ്റുരയ്ക്കും.

40,000ത്തോളം പേരുടെ പ്രാതിനിധ്യമാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം ചലച്ചിത്രപ്രവർത്തകരും മേളയുടെ ഭാഗമാകും. പ്രമുഖ ഇംഗ്ലീഷ് സംവിധായകൻ ഗയ് റിറ്റ്ഷി, അമേരിക്കൻ നടി ഷാരോൺ സ്‌റ്റോൺ എന്നിവരുടെ സാന്നിധ്യം കൊണ്ട് ആഗോള ശ്രദ്ധ നേടുന്നതാകും ഇത്തവണ റെഡ്‌സീ ഫിലിം ഫെസ്റ്റിവൽ. മുൻ വർഷത്തെ പോലെ ഇത്തവണയും ബോളിവുഡ് നടീനടന്മാരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധയാകർഷിക്കും. കലക്കും സംസ്‌കാരത്തിനും സൗദി നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന റെഡ് സീ സൂഖ് എന്ന പ്രദർശനവും മേളയുടെ ഭാഗമായുണ്ടാകുമെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു.

Summary: The third Red Sea International Film Festival to begin tomorrow in Jeddah, Saudi Arabia

TAGS :

Next Story