Quantcast

റിയാദ് സീസണില്‍ സ്വകാര്യത ലംഘിച്ചവരെ പിടികൂടും; ഒരു വര്‍ഷം തടവും പിഴയും

വനിതകള്‍ പരിപാടി ആസ്വദിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിച്ചു. വീഡിയോ പ്ലാറ്റ്‌ഫോമുകളായ ടിക് ടോകിലടക്കം നിരവധി പേര്‍ ഇത് അപ്ലോഡ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-10-22 15:32:06.0

Published:

22 Oct 2021 3:25 PM GMT

റിയാദ് സീസണില്‍ സ്വകാര്യത ലംഘിച്ചവരെ പിടികൂടും; ഒരു വര്‍ഷം തടവും പിഴയും
X

സൗദിയിലെ റിയാദ് സീസണ്‍ പരിപാടിയില്‍ സ്ത്രീകളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. പരിപാടിക്കിടെ സ്ത്രീകളോടെ മോശമായി പെരുമാറിയവരെ വീഡിയോകള്‍ പരിശോധിച്ചാകും കസ്റ്റഡിയിലെടുക്കുക. മൊബൈല്‍ ഫോണുപയോഗിച്ച് മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിക്കുക.

കഴിഞ്ഞ ദിവസം നടന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ റെക്കോര്‍ഡ് ജനക്കൂട്ടമാണ് എത്തിയത്. ഇതിനിടയിലാണ് ചിലര്‍ പരിപാടിക്കെത്തിയ യുവതികളുടെ ദൃശ്യം പകര്‍ത്തിയത്. ഇവര്‍ക്ക് നേരെ ഒറ്റപ്പെട്ട കയ്യേറ്റ ശ്രമങ്ങളും നടന്നു. ഇതിനു പുറമെ വനിതകള്‍ പരിപാടി ആസ്വദിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിച്ചു. വീഡിയോ പ്ലാറ്റ്‌ഫോമുകളായ ടിക് ടോകിലടക്കം നിരവധി പേര്‍ ഇത് അപ്ലോഡ് ചെയ്തു. ഇവ പോസ്റ്റ് ചെയ്തവരേയും റീ പോസ്റ്റ് ചെയ്തവരേയും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇവരെ കസ്റ്റഡയിലെടുക്കും.

റിയാദ് സീസണ്‍ ഉദ്ഘാടന വേളയില്‍ പൊതുമര്യാദ നിയമങ്ങളുടെ നിരവധി ലംഘനങ്ങള്‍ പിടികൂടിയതായി പൊതുസുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ഷുവൈറഖ് പറഞ്ഞു. പൊതു മര്യാദ ലംഘനമുണ്ടായെങ്കില്‍ പ്രായ ലിംഗ ഭേദമന്യേ നടപടിയുണ്ടാകും. മൊബൈല്‍ ഫോണ്‍ ദുരുപയോഗം നടത്തുക, അന്യരുടെ പടമെടുത്ത് സ്വകാര്യത ലംഘിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ പൊതുസുരക്ഷ വക്താവ് മുന്നറിയിപ്പ് നല്‍കി.

സൈബര്‍ കുറ്റകൃത്യ നിരോധന നിയമ പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ നടപടിയുണ്ടാവുക. പിഴയോ, ഒരു വര്‍ഷം വരെ തടവോ ശിക്ഷയായി ലഭിക്കും. നിയമലംഘനങ്ങള്‍ നടത്തിയാല്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story