ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് ഇനി മൂന്ന് ദിനം
സാമ്പത്തിക അസമത്വം പ്രധാന ചർച്ചാ വിഷയമാകും
ഒക്ടോബർ 25 മുതൽ 27 വരെ റിയാദിലെ റിറ്റ്‌സ് കാൾട്ടണിലാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ആറാം എഡിഷന് തുടക്കമാവുക. 'മനുഷ്യത്വത്തിൽ നിക്ഷേപിക്കുക: ഒരു പുതിയ ആഗോള ക്രമം തയ്യാറാക്കുക' എന്നതാണ് സമ്മേളനത്തിന്റെ തലക്കെട്ട്. മെറ്റാ-വ്യാവസായിക വിപ്ലവം, ആഗോള നിക്ഷേപത്തിന്റെ പ്രാധാന്യം, സൂപ്പർ-ആപ്പ് മുന്നേറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻ, റോബോട്ടിക്സ് നടപ്പാക്കൽ തുടങ്ങിയവയിലെ ചർച്ചകൾ ആദ്യ ദിവസമുണ്ടാകും.
ദോഷകരമായ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ ബദലുകളിലേക്കുള്ള സുഗമമായ മാറ്റം എങ്ങിനെ സാധ്യമാക്കാം എന്നത് ഒന്നാം ദിനത്തിലെ ഉച്ചക്ക് ശേഷമുള്ള സെഷനിലുണ്ടാകും. രണ്ടാം ദിനം ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേർസ് എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പരിവർത്തനത്തിന്റെ ത്വരിതപ്പെടുത്തൽ എന്നിവ ചർച്ച ചെയ്യും. പണപ്പെരുപ്പത്തെയും വരാനിരിക്കുന്ന സമ്മർദങ്ങളെയും കുറിച്ചുള്ള ചോദ്യം ഉയർത്തുന്ന മാക്രോ ഇക്കണോമിക് വിഷയങ്ങളിലും ചർച്ച നടക്കും. മാധ്യമ രംഗത്തെ മാറുന്ന മാറ്റങ്ങളെക്കുറിച്ച് മീഡിയവൺ സിഇഒ റോഷൻ കക്കാട്ടും സംസാരിക്കും.
മൂന്നാം ദിനം സാമ്പത്തിക രംഗവും നിക്ഷേപവും സംബന്ധിച്ച ചർച്ചകളും പ്രഖ്യാപനങ്ങളുമാകും. ലോകമെമ്പാടുമുള്ള സിഇഒമാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, നേതാക്കൾ എന്നിവർ ഫോറത്തിൽ പങ്കെടുക്കും. ആഗോള നിക്ഷേപത്തിനുള്ള പുതിയ വഴികൾ, വ്യവസായ രംഗത്തെ മാറ്റങ്ങളുടെ വിശകലനം, നെറ്റ്‍വർക്കിംഗിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. പണപ്പെരുപ്പം, ഊർജ പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘട്ടനങ്ങൾ എന്നിവയാൽ പ്രത്യാഘാതമുണ്ടായവർക്കുള്ള സാമ്പത്തിക അവസരങ്ങളുടെ സാധ്യതകളും ചർച്ചകളിൽ നിറയും. 2019-ൽ സ്ഥാപിതമായ ദി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. സൗദി കിരീടാവകാശിക്ക് കീഴിൽ തുടങ്ങിയ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ ഇത്തവണ മാധ്യമപങ്കാളിയായി മീഡിയവണിനെയും ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തിരുന്നു.
Adjust Story Font
16