സൗദിയിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു തുടങ്ങി
സിനിമാ ലൈസൻസിങിനുള്ള ഫീസുകളെല്ലാം കുറച്ചതോടെയാണ് ടിക്കറ്റ് നിരക്കുകളും കുറഞ്ഞത്
റിയാദ്: സൗദിയിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു തുടങ്ങി. എംപയർ ഉൾപ്പെടെ ബ്രാൻഡുകൾ 20 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. വിവിധ കാറ്റഗറികളാക്കി സീറ്റുകളെ തരം തിരിച്ചാകും ടിക്കറ്റുകൾ ലഭ്യമാക്കുക. സിനിമാ ലൈസൻസിങിനുള്ള ഫീസുകളെല്ലാം കുറച്ചതോടെയാണ് ടിക്കറ്റ് നിരക്കുകളും കുറഞ്ഞത്.
ഏപ്രിൽ മാസത്തിലാണ് സൗദിയിലെ സിനിമാ പ്രദർശന, തിയേറ്റർ മേഖലയിലെ വിവിധ ഫീസുകൾ കുറച്ചത്. ഇതിന് പിന്നാലെയാണിപ്പോൾ ടിക്കറ്റ് നിരക്കിലെ മാറ്റം. നേരത്തെ അറുപത് റിയാൽ വരെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ഈ നിരക്കിലും ഇപ്പോൾ ടിക്കറ്റുകളുണ്ട്. എന്നാൽ പല തിയറ്ററുകളും സീറ്റുകളെ തരം തിരിച്ചാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. എംപയർ ഉൾപ്പെടെ തിയറ്ററുകൾ 20 രിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കി തുടങ്ങി. മുൻ നിരയിലെ സീറ്റുകൾക്കാണ് ഈ നിരക്ക്. പിൻനിരയിലേക്കുള്ള സീറ്റുകൾ വിവിധ കാറ്റഗറികളിലാക്കി അമ്പത്തിയഞ്ച് റിയാൽ വരെ ടിക്കറ്റ് ഈടാക്കുന്നുണ്ട്. വാരാന്ത്യങ്ങളിലും പ്രവർത്തി ദിനങ്ങളിലും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന തിയറ്ററുകളുമുണ്ട്. മറ്റു ബ്രാൻഡുകളും ടിക്കറ്റ് നിരക്കുകൾ ഉടൻ കുറച്ചേക്കും സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള തിയേറ്റർ ലൈസൻസ് എന്നിവക്കുൾപ്പെടെ ഈടാക്കിയിരുന്ന ഫീസ് ലക്ഷം റിയാൽ വരെയായിരുന്നു. ഇത് അറുപത് മുതൽ എൺപത് ശതമാനം വരെ കുറച്ചതോടെയാണ് ടിക്കറ്റ് നിര്ക്ക് കുറഞ്ഞത്. ടിക്കറ്റ് നിരക്ക് കുറവ് വന്നതോടെ തിയറ്ററുകളിൽ തിരക്ക് വർധിച്ചതായി സൗദി സിനിമാ അസോസിയേഷൻ ഡയറക്ടർ ഹാനി അൽ മുല്ല അറിയിച്ചു.
Adjust Story Font
16