ഉംറ: വിദേശികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി നാളെ
ഉംറ വിസയിൽ എത്തുന്നവർക്ക് ഏപ്രിൽ 29 വരെ രാജ്യത്ത് തങ്ങാനാവും

ജിദ്ദ: ഉംറക്കായി വിദേശികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി നാളെ. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ. ഏപ്രിൽ 29നകം മുഴുവൻ ഉംറ തീർത്ഥാടകരും രാജ്യത്തുനിന്ന് മടങ്ങിപ്പോകണം. കഴിഞ്ഞ മാസം അവസാനം മുതൽ ഉംറ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു.
നേരത്തെ അനുവദിച്ച ഉംറ വിസയിലുള്ളവർക്കാണ് സൗദിയിലേക്കുള്ള പ്രവേശനം നാളെ അവസാനിക്കുന്നത്. എന്നാൽ ഉംറ വിസയിൽ എത്തുന്നവർക്ക് ഏപ്രിൽ 29 വരെ രാജ്യത്ത് തങ്ങാനാവും. ഇത് നേരത്തെ തന്നെ ഉംറ വിസകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29ന് ശേഷം സൗദിയിൽ തങ്ങുന്ന തീർത്ഥാടകർക്കെതിരെ ഒരു ലക്ഷം റിയാൽ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷ നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഉംറ വിസയിൽ കൊണ്ടുവന്ന സർവീസ് കമ്പനികൾക്കെതിരെയും നടപടി ഉണ്ടാകും.
നേരത്തെയാണ് ഇത്തവണ ഉംറ തീർത്ഥാടകരോട് തിരിച്ചുപോവാൻ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ദുൽഖഅദ് അവസാനം വരെ ഉംറ തീർത്ഥാടകർ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ടായിരുന്നു. ആഭ്യന്തര തീർത്ഥാടകർക്കും ഉംറയ്ക്കുള്ള അവസരം ഏപ്രിൽ 29ന് അവസാനിക്കും. അതുകഴിഞ്ഞ് പെർമിറ്റ് അനുവദിക്കുകയില്ലെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഹജ്ജിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
Adjust Story Font
16