Quantcast

സൗദിയിൽ ട്രാൻസിറ്റ് വിസ സേവനം പ്രാബല്യത്തിൽ; വിദേശികളെത്തി തുടങ്ങി

96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസ സേവനം ജനുവരി 30 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-02 18:24:48.0

Published:

2 Feb 2023 5:51 PM GMT

Transit visa, Saudi Arabia, സൗദി, ട്രാൻസിറ്റ് വിസ
X

ജിദ്ദ: സൗദിയിൽ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന ട്രാൻസിറ്റ് വിസയിൽ വിദേശികളെത്തി തുടങ്ങി. സന്ദർശകരിൽ പലരും കുടുംബ സമേതമാണ് എത്തിയത്. ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് രാജ്യത്തെവിടെയും കാർ വാടകക്കെടുത്ത് ഓടിക്കാൻ അനുവാദമുണ്ടെന്ന് അധികൃതർ അറിയിച്ചു.

96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസ സേവനം ജനുവരി 30 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഈ സേവനം പ്രയോജനപ്പെടുത്തി കഴിഞ്ഞ ദിവസം റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ വിദേശികളെത്തി തുടങ്ങി. ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യ യാത്രക്കാരൻ കുടുംബ സമേതമാണ് എത്തിയത്. വരും ദിവസങ്ങളിൽ ഇങ്ങനെയെത്തുന്ന സന്ദർശകരുടെ എണ്ണം വർധിക്കും.

വിമാന ടിക്കറ്റിനൊപ്പം ലളിതമായ നടപടിക്രമങ്ങളിലൂടെ വേഗത്തിൽ ട്രാൻസിറ്റ് വിസ ലഭ്യമാകുന്ന് വിദേശികളെ കൂടുതലായി സൗദിയിലേക്ക് ആകർഷിക്കും. ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് കാർ വാടകക്കെടുത്ത് ഓടിക്കാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ വന്നിറങ്ങുവാനും തിരിച്ച് പോകാനും അനുവാദം നൽകുന്നതും വിദേശികൾക്ക് ആശ്വാസമാകും. സൗദിയ എയർലൈൻസ്, ഫ്ലൈനാസ് തുടങ്ങിയ വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്കാണ് നാല് ദിവസം കാലാവധിയുള്ള സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്.

ട്രാൻസിറ്റ് യാത്രക്കാർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചകൻ്റെ പള്ളി സന്ദർശിക്കാനും ടൂറിസം വിനോദ പരിപാടികളിൽ പങ്കെടുക്കാനും അനുവദിക്കുന്നുണ്ട്. അതിനാൽ തന്നെ മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയിലോ തിരിച്ചുള്ള യാത്രയിലോ സൗദി വഴിയുള്ള ടിക്കറ്റെടുത്താൽ നാല് ദിവസം രാജ്യത്ത് തങ്ങാനും ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കാനും സുഹൃത്തുക്കളെ സന്ദർശിക്കുവാനും സാധിക്കും. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് മക്കയിലേക്ക് പോകുവാനും തിരിച്ച് വരുവാനും സൗജന്യ ബസ് സർവീസും നിലവിലുണ്ട്. ഇത് കൂടാതെ മക്ക മദീന യാത്രക്കായി ഹറമൈൻ അതിവേഗ ട്രൈനിലും ജിദ്ദ വിമാനത്താവളത്തിൽ വെച്ച് തന്നെ ലഭ്യമാകും.

TAGS :

Next Story