സൗദിയിലെത്താൻ കടമ്പകളേറെ; ഏജൻസികളുടെ കെണിയിൽപെട്ട് പ്രവാസികൾ
ട്രാവൽ ഏജൻസികൾക്ക് പണം കൊടുത്ത് തിരികെ ലഭിക്കാത്തവർ നിരവധിയാണ്. യാത്ര നടക്കാത്ത സാഹചര്യത്തില്‍ കൃത്യമായ രേഖകൾ വാങ്ങിവെക്കാത്തതും പ്രവാസികൾക്ക് വിനയാകുന്നു
സൗദിയിലേക്കെത്താൻ വിവിധ രാജ്യങ്ങൾ വഴി ശ്രമിക്കുന്നവരെ കെണിയിലാക്കാൻ ട്രാവൽ ഏജൻസികൾ ശ്രമിക്കുന്നതായി പ്രവാസികളുടെ പരാതി. ഇതിനകം ട്രാവൽ ഏജൻസികൾക്ക് പണം കൊടുത്ത് തിരികെ കിട്ടാത്തവരും ഏറെയുണ്ട്. യാത്ര നടക്കാത്ത സാഹചര്യങ്ങളിൽ കൃത്യമായ രേഖകൾ വാങ്ങിവെക്കാത്തതും പ്രവാസികൾക്ക് വിനയാവുകയാണ്.
സൗദിയിലേക്ക് നേരിട്ടെത്താൻ ഇന്ത്യയിൽനിന്ന് വിമാന വിലക്കുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ ബഹ്‌റൈൻ വഴി സൗദിയിലെത്തിക്കാമെന്ന് പറഞ്ഞ് ചില ട്രാവൽ ഏജൻസികൾ പ്രവാസികളിൽനിന്ന് പണം പറ്റി. ഇതിനിടെ ബഹ്‌റൈൻ ഇന്ത്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി.
ബഹ്‌റൈൻ വഴിയടഞ്ഞതോടെ റഷ്യ, അർമേനിയ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങൾ വഴിയൊക്കെ സൗദിയിലേക്ക് എത്തിക്കാം എന്നാണ് ട്രാവൽ ഏജൻസികളുടെ വാഗ്ദാനം. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെത്തിയ ശേഷം പോലും വിസ ലഭിച്ചില്ലെന്നറിഞ്ഞ് മടങ്ങിയവരുമുണ്ട്.
രണ്ട് ലക്ഷത്തിലേറെ രൂപവരെ നൽകുന്നവർ പോലും ഏജന്റുമാരുടെ വാഗ്ദാനം കേട്ട് കൃത്യമായ രേഖകൾ പണം നൽകിയതിന് വാങ്ങിവെക്കുന്നില്ല. ഇതോടെ പൊലീസിന് പരാതി നൽകാൻ പോലും പ്രവാസികൾക്ക് സാധിക്കില്ല. പണം തിരികെ ലഭിക്കാനും സൗദിയിലേക്ക് നേരിട്ട് പറക്കാനും സർക്കാർ ഇടപെടൽ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Adjust Story Font
16