ഹജ്ജ് തീർഥാടകരുടെ യാത്ര എളുപ്പമാകും; മഷാഇർ-ഹറമൈൻ ട്രെയിനുകൾ സജ്ജം
- ഹജ്ജ് സമയത്ത് പുണ്യസ്ഥലങ്ങൾക്കിടയിൽ മഷാഇർ ട്രൈൻ രണ്ടായിരത്തോളം സർവീസ് നടത്തും
ഹജ്ജ് തീർഥാടകർക്ക് യാത്ര സൌകര്യമൊരുക്കുന്നതിനായി ഹറമൈൻ ട്രൈനും മഷാഇർ ട്രൈനുകളും സജ്ജമായി. ഹജ്ജ് സമയത്ത് പുണ്യസ്ഥലങ്ങൾക്കിടയിൽ മഷാഇർ ട്രൈൻ രണ്ടായിരത്തോളം സർവീസ് നടത്തും. തീർഥാടകർക്ക് മക്കക്കും മദീനക്കുമിടയിൽ യാത്ര ചെയ്യാൻ ഹറമൈൻ ട്രൈനിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജിന് തീർഥാടകർക്ക് യാത്ര സൌകര്യമൊരുക്കുന്നതിനായി ഹറമൈൻ അതിവേഗ ട്രൈനും മഷാഇർ ട്രൈനുകളും പൂർണ സജ്ജമായി. തീർഥാടകർക്ക് മക്കക്കും മദീനക്കും ഇടയിൽ യാത്ര ചെയ്യുന്നതിനാണ് ഹറമൈൻ അതിവേഗ ട്രൈൻ. കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയേയും, ജിദ്ദ നഗരത്തേയും ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രൈൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ട്രൈനുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. തീർഥാടകർക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിമാനത്താവളങ്ങളിലെത്താനും ഹറമൈൻ ട്രൈൻ സഹായകരമാകും.
ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായി തീർഥാടകർക്ക് മിനക്കും അറഫക്കും ഇടയിലുള്ള പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിന് വേണ്ടിയാണ് മഷാഇർ ട്രൈൻ സർവീസ്. അറഫാത്ത്, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെ ഒമ്പത് സ്റ്റേഷനുകൾക്കിടയിൽ 17 ട്രെയിനുകളായി രണ്ടായിരത്തോളം സർവീസ് നടത്തും. സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ട്രൈനുകളുടേയും സ്റ്റേഷനുകളുടേയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി സൌദി റെയിൽവേ അറിയിച്ചു. ദുൽഹിജ്ജ ഏഴ് മുതൽ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്ന തഷ് രീക്കിൻ്റെ അവസാന ദിവസം വരെ മഷാഇർ ട്രൈനുകളുടെ സേവനം ലഭ്യമാകും.
Adjust Story Font
16