Quantcast

മഞ്ഞുവീഴ്ചയില്‍ വെള്ള പുതച്ച് തുറൈഫ്; മനോഹര കാലാവസ്ഥ ആസ്വദിക്കാനിറങ്ങി നിവാസികള്‍

നാളെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്താന്‍ സാധ്യത കൂടുതലാണ്

MediaOne Logo

Web Desk

  • Published:

    17 Jan 2022 2:20 PM GMT

മഞ്ഞുവീഴ്ചയില്‍ വെള്ള പുതച്ച് തുറൈഫ്; മനോഹര കാലാവസ്ഥ ആസ്വദിക്കാനിറങ്ങി നിവാസികള്‍
X

സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ തുറൈഫ് ഗവര്‍ണറേറ്റില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പ്രദേശമാകെ വെള്ളപുതച്ചു. ഇതോടെ, താഴ്ന്ന താപനിലയും മനോഹര അന്തരീക്ഷവും ആസ്വദിക്കാനായി നിരവധി നിവാസികളാണ് പുറത്തിറങ്ങിയത്.

തുറൈഫില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയതെന്ന് തബൂക്ക് മേഖലയിലെ കാലാവസ്ഥാ വിഭാഗം ഡയരക്ടര്‍ ഫര്‍ഹാന്‍ അല്‍ അനാസി പറഞ്ഞു. സൗദിയുടെ വടക്കന്‍ മേഖലകളില്‍ നാളെ വരെ മഞ്ഞുവീഴ്ച തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സൗദിയുടെ വടക്കന്‍ മേഖലകളില്‍ ഇന്നുണ്ടായ മഞ്ഞു വീഴ്ചയ്ക്കു പുറമേ, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, തബൂക്കിലെയും ഹാഇലിലേയും ഹൈറേഞ്ചുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ മഞ്ഞുവീഴ്ച തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അഖീല്‍ അല്‍ അഖീല്‍ അഭിപ്രായപ്പെട്ടു.



നാളെ വലിയ അളവില്‍ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്താന്‍ സാധ്യത കൂടുതലാണ്. ചില വടക്കന്‍ പ്രദേശങ്ങളില്‍ പരമാവധി താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെയാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ വടക്കന്‍, മധ്യ മേഖലകളിലും മിക്ക തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും ഫാമുകളിലുമെല്ലാം നാളെ അതിരാവിലെയും മഞ്ഞ് വീഴ്ചയുണ്ടാകാനുള്ള സാധ്യതയും അദ്ദേഹം ഓര്‍മിപ്പിച്ചു.

TAGS :

Next Story