Quantcast

തീർഥാടകരുടെ ഉത്തരവാദിത്തം ഉംറ കമ്പനികൾക്ക്; പുതിയ മാർഗനിർദേശങ്ങളുമായി സൗദി

തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ

MediaOne Logo

Web Desk

  • Updated:

    2023-07-10 21:49:48.0

Published:

10 July 2023 7:30 PM GMT

Umra companies are fully responsible for pilgrims; Saudi with new guidelines
X

ജിദ്ദ: സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ പൂർണ ഉത്തരവാദിത്തം ഉംറ സേവന സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഉംറ സേവന സ്ഥാപനങ്ങൾ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ.

പുതിയ ഉംറ സീസണ് ആരംഭിക്കാറായതോടെയാണ് മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാകർക്ക് ഉംറ കമ്പനികളും സ്ഥാപനങ്ങളും നൽകേണ്ട സേവനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണിത്.

തീർഥാടകരുടെ താമസം, സൌദി അറേബ്യക്കുള്ളിലുള്ള ഗതാഗതം, ഇൻഷൂറൻസ്, മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയെല്ലാം റിസർവേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് മന്ത്രാലയം പുറത്ത് വിട്ട മാർഗ നിർേശങ്ങളിൽ വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള തീർഥാടകരോടൊപ്പം നിർബന്ധമായും ഒരു കൂട്ടാളി ഉണ്ടായിരിക്കണം. 90 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ തീർഥാടകരെ അനുവദിക്കരുത്.

ഉംറ സീസണിന്റെ അവസാന കാലത്ത് വരുന്നവർ ദുൽഖഅദ് 29 വരെ മാത്രമേ രാജ്യത്ത് തങ്ങാൻ പാടുളളൂ. വിസ അനുവദിച്ച ശേഷം ഉംറ കമ്പനികൾ തീർത്ഥാടകരുടെ പാക്കേജിന് അനുയോജ്യമായ രീതിയിൽ ഉംറ നിർവഹിക്കുന്നതിനും റൗദാ ശരീഫിൽ നമസ്‌കരിക്കുന്നതിനുമുള്ള പെർമിറ്റുകൾ നുസുക്ക് ആപ്പ് വഴി നേടേണ്ടതാണ്.

പെർമിറ്റിൽ രേഖപ്പെടുത്തിയ സമയം ആരംഭിച്ച് 6 മണിക്കൂറിനുള്ളിൽ തീർഥാടകർ സൗദിയിലേക്ക് പ്രവേശിക്കണം. അല്ലാത്തപക്ഷം, പെർമിറ്റ് സ്വമേധയ റദ്ദാക്കപ്പെടും. തീർഥാടകർ രാജ്യം വിട്ട് പുറത്ത് പോകുന്നത് വരെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഉംറ കമ്പനികൾക്കായിരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട മാർഗരേഖകളിൽ വ്യക്തമാക്കുന്നു. 350 ഓളം ഉംറ കമ്പനികൾക്ക് കൂടി പുതിയതായി ഉംറ സേവനത്തിനുള്ള ലൈസൻസുകൾ അനുവദിച്ചു. വൈകാതെ ഇത് 550 ലെത്തുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story