എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ; ഹറം പള്ളിയിൽ വിദേശി അറസ്റ്റിൽ
ഹറം പള്ളികളിൽ ബാനറുകൾ പ്രദർശിപ്പിക്കുന്നതിനും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും കർശനമായ വിലക്കുണ്ട്. ഇത് ലംഘിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ വീഡിയോ ചിത്രീകരണം
മക്കയിലെ ഹറം പള്ളിയിൽ ബാനർ പ്രദർശിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യെമൻ പൗരനായ ഉംറ തീർഥാടകൻ അറസ്റ്റിൽ. എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കുന്നു എന്ന് ബാനറിൽ പ്രദർശിപ്പിച്ച വിദേശിയാണ് അറസ്റ്റിലായത്.
രാജ്യത്ത് ഇഖാമയിൽ നിയമാനുസൃതം കഴിയുന്നയാളാണ് ഇദ്ദേഹം. ഉംറ നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹറമിൽ വെച്ച് ബാനർ പ്രദർശിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഉംറ വേഷത്തിലെത്തിയാണ് ഇയാൾ ഇംഗ്ലീഷിലും അറബിയിലും ഉംറ നിയമങ്ങൾക്ക് വിരുദ്ധമായ വാചകങ്ങൾ എഴുതിയ ബാനർ പ്രദർശിപ്പിച്ചത്. ഹറം പള്ളികളിൽ ബാനറുകൾ പ്രദർശിപ്പിക്കുന്നതിനും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും കർശനമായ വിലക്കുണ്ട്. ഇത് ലംഘിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ വീഡിയോ ചിത്രീകരണം.
അറസ്റ്റിലായ ഇയാളെ തുടർ നടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മക്ക, മദീന ഹറം പള്ളികൾ ദൈവത്തിന് മാത്രമുള്ള ആരാധനാലയങ്ങളാണെന്നും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്ന മുദ്രാവാക്യങ്ങളോ ബാനറുകളോ ഉയർത്തുവാനുള്ള സ്ഥലമല്ലെന്നും ഹറം കാര്യാലയം മേധാവി ഷൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു. ഹറം പള്ളികളുടെ പവിത്രതയും മഹത്വവും ഉൾകൊണ്ട് പ്രവർത്തിക്കണമെന്നും ഹറമുകളിൽ പിന്തുടരുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി.
Adjust Story Font
16