സൗദിയില്‍ 46 രാജ്യക്കാര്‍ക്ക് ഉംറ വിസിറ്റ് വിസ; ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ വിസ അനുവദിക്കില്ല
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവിലെ രീതിയില്‍ ഉംറക്ക് വരാവുന്നതാണ്
സൗദിയില്‍ ഉംറ വിസിറ്റ് വിസ പദ്ധതി പ്രഖ്യാപിച്ചു. 46 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസിറ്റ് വിസ അനുവദിക്കും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ ഇത് അനുവദിക്കില്ല.
സൗദിയില്‍ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴില്‍ സന്ദര്‍ശന വിസകള്‍ക്ക് പുറമെയാണ് പുതിയതായി ഉംറ സന്ദര്‍ശന വിസ പ്രഖ്യാപിച്ചത്. 46 രാജ്യങ്ങളിലുള്ളവര്‍ക്ക് പുതിയ വിസ ഉപയോഗപ്പെടുത്താനാകും. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.
എങ്കിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവിലെ രീതിയില്‍ ഉംറക്ക് വരാവുന്നതാണ്. കൂടാതെ മറ്റ് സന്ദര്‍ശന വിസകളിലും സൌദിയിലേക്ക് വരാം. പുതിയ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളോ, നടപടിക്രമങ്ങളോ സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. സൗദിയില്‍ ഇഖാമയുള്ളവര്‍ക്കും സ്വദേശികള്‍ക്കുമായി പ്രഖ്യാപിച്ചിരുന്ന അഥിതി ഉംറ വിസ പദ്ധതി റദ്ധാക്കിയതായി അടുത്തിടെ മന്ത്രാലയം അറിയിച്ചിരുന്നു.
വിദേശികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളേയും സ്വദേശികള്‍ക്ക് പരിചയക്കാരേയും സ്വന്തം ഉത്തരവാദിതത്തില്‍ ഉംറക്ക് കൊണ്ട് വരാന്‍ സാധ്യമായിരുന്ന പദ്ധതിയായിരുന്നു അഥിതി ഉംറ വിസ. അത് റദ്ദാക്കിയതിന് പിറകെയാണ് ഇപ്പോള്‍ ഉംറ വിസിറ്റ് വിസ പദ്ധതി പ്രഖ്യാപിച്ചത്.
Adjust Story Font
16