വാറ്റ് പിഴ ഒഴിവാക്കൽ നടപടി 6 മാസത്തേക്ക് കൂടി തുടരും
സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് കാലാവധി നീട്ടിയത്
സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിനത്തിൽ ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അനുവദിച്ച സാവകാശം വീണ്ടും ദീർഘിപ്പിച്ചു. ആറ് മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നൽകിയത്.
നാളെ മുതൽ മെയ് 31 വരെയാണ് പുതിയ കാലാവധി. നിലവിലെ ഇളവ് കാലം ഇന്നലെ അവസാനിക്കാനിച്ചതോടെയാണ് സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
വാറ്റ് രജിസ്‌ട്രേഷൻ വൈകൽ, നികുതി പണമടക്കാൻ വൈകൽ, വാറ്റ് റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേൺ തിരുത്തൽ, ഡിജിറ്റൽ ഇൻവോയിസിംഗുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കി നൽകുന്നതാണ് പദ്ധതി.
എന്നാൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ ആനുകൂല്യത്തിൽ ഉൾപ്പെടില്ല. ഇളവ് കാലം നീട്ടി നൽകിയെങ്കിലും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16