വാഹനാപകടം: സൗദിയിലെ അൽഹസയിൽ മലയാളി മരിച്ചു
കായംകുളം ചേരാവള്ളി സെറീന മൻസിലിൽ ആഷിഖ് അലിയാണ് മരിച്ചത്

സൗദിയിലെ അൽ അഹ്സ ഫദീല റോഡിൽ ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സ്വദേശി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാർ കുഞ്ഞ്, ആമിന അലിയാർ ദമ്പതികളുടെ ഏക മകൻ ആഷിഖ് അലി (28) ആണ് മരിച്ചത്. ആഷിഖ് അലി ഓടിച്ചിരുന്ന ഫോർച്യൂണർ കാറിൽ അമ്പത്തിമൂന്നുകാരനായ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇടിച്ച വാഹനത്തിലെ സൗദി പൗരൻ ഹുഫൂഫ് ആശുപത്രിയിൽ വെച്ചും മരിച്ചു. മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ആഷിഖിനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മറ്റൊരാളുടെ കാലിനു ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളുമുണ്ട്. മരണപ്പെട്ട ആഷിഖിന്റെ ഭാര്യ ആഷ്നി അൽ ഹസയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി ഹക്കീമിന്റെയും ഹുഫൂഫ് മെറ്റേണിറ്റി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ഷാനിയുടെയും ഏക മകളാണ്. ആഷ്നി ഹുഫൂഫ് മേഡേൺ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനി കൂടിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Adjust Story Font
16