Quantcast

വിസിറ്റ് വിസക്കാരെ ഹജ്ജ് ചെയ്യാൻ പ്രേരിപ്പിച്ചു; വിദേശ ടൂറിസം കമ്പനികൾക്കെതിരെ സൗദി

'പെർമിറ്റില്ലാതെ ഹജ്ജ് ഇല്ല' എന്ന തലക്കെട്ടിൽ സൗദിക്കകത്തും വിദേശ രാജ്യങ്ങളിലും ശക്തമായ ബോധവൽക്കരണ കാമ്പയിനുകൾ നടത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Jun 2024 5:11 PM GMT

Visit visa holders were encouraged to perform Hajj; Saudi against foreign tourism companies
X

ജിദ്ദ: ചില വിദേശ ടൂറിസ്റ്റ് കമ്പനികൾ സന്ദർശക വിസക്കാരെ നിയമവിരുദ്ധമായി ഹജ്ജ് ചെയ്യാൻ പ്രേരിപ്പിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ ഇവരെ മക്കയിലെത്തിച്ചിരുന്നതായും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പെർമിറ്റ് എടുത്ത് എത്തിയ ഹാജിമാർക്ക് സേവനങ്ങൾ നൽകുന്നതിലും സുരക്ഷയൊരുക്കുന്നതിലും മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികൾ വൻ വിജയകരമായിരുന്നുവെന്നും മന്ത്രാലയം വിലയിരുത്തി.

'പെർമിറ്റില്ലാതെ ഹജ്ജ് ഇല്ല' എന്ന തലക്കെട്ടിൽ സൗദിക്കകത്തും വിദേശ രാജ്യങ്ങളിലും ശക്തമായ ബോധവൽക്കരണ കാമ്പയിനുകളാണ് ഇത്തവണ മന്ത്രാലയം നടത്തിയിരുന്നത്. ഹജ്ജ് പെർമിറ്റെത്തന്നത് കേവലം പ്രവേശന കവാടങ്ങളിലെയും മറ്റും സുരക്ഷ പരിശോധനക്ക് വേണ്ടി മാത്രമുള്ളതല്ല. തീർഥാടകരുടെ താമസം, ആരോഗ്യം, സുരക്ഷ, യാത്ര തുടങ്ങി എല്ലാ സേവനങ്ങളും ഉറപ്പാക്കാൻ കൂടി ഉള്ളതാണ്. പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ഇത്തരം സൗകര്യങ്ങളൊരുക്കാൻ മന്ത്രാലയത്തിന് സാധിക്കാതെ വരും. ഇതറിഞ്ഞുകൊണ്ടും ചില രാജ്യങ്ങളിലെ ടൂറിസ്റ്റ് കമ്പനികൾ കൊടു ചൂടിൽ തീർഥാടകരെ വിസിറ്റ് വിസയിൽ ഹജ്ജ് ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ ശൽഹോബ് പറഞ്ഞു.

ഹജ്ജിന്റെ രണ്ട് മാസം മുമ്പ് തന്നെ ഇവരെ വിസിറ്റ് വിസയിൽ മക്കയിലെത്തിക്കുകയായിരുന്നു. ഇങ്ങിനെ എത്തിയവരാണ് മരണപ്പെട്ടവരിൽ 83 ശതമാനവും. അതേ സമയം ഈ വർഷം നടപ്പിലാക്കിയ ഹജ്ജ് സുരക്ഷാ പദ്ധതികൾ വൻ വിജയകരമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തി. പെർമിറ്റെടുത്തെത്തിയ ഹാജിമാർക്ക് സേവനങ്ങൾ നൽകുന്നതിലും സുരക്ഷ ഉറപ്പുവരുത്തുന്നതിലും മന്ത്രാലയം വിജയിച്ചു. സുരക്ഷാ, സൈനിക ഏജൻസികളും ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും ത്വലാൽ ശൽഹോബ് പറഞ്ഞു.

TAGS :

Next Story