മക്കയിലെത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഊഷ്മള സ്വീകരണം
ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് 8 ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്
മക്ക: മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ഇന്ത്യൻ ഹാജിമാർക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. ഇന്ത്യൻ ഹജ്ജ് മിഷൻ നയതന്ത്ര ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ സംഘടന പ്രവർത്തകരും ഹാജിമാരെ സ്വീകരിക്കാനായി താമസ കേന്ദ്രത്തിൽ വളരെ നേരത്തെ തന്നെ തമ്പടിച്ചിരുന്നു. സന്നദ്ധ സമ്മാനങ്ങളും ഈത്തപ്പഴവും ജ്യൂസും നൽകിയാണ് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചത്.
ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് 8 ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. രാവിലെ മദീനയിൽ നിന്ന് പുറപ്പെട്ട ഇവർ വൈകുന്നേരത്തോടെ മക്കയിലെത്തി. ഹൃദ്യമായ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. കെഎംസിസി, തനിമ, വിഖായ, ഒഐസിസി ആർഎസ്‌സി- ഐസിഎഫ് എന്നിങ്ങനെ വിവിധ സംഘടനകൾ മക്കയിൽ ഹാജിമാരുടെ സേവനത്തിനായി ഉണ്ടാകും.
ഡൽഹിയിൽ നിന്നുള്ള 283 തീർത്ഥാടകരും ഹൈദരാബാദിൽ നിന്നുള്ള 283 തീർത്ഥാടകരുമാണ് വൈകുന്നേരം അഞ്ചുമണിയോടെ മക്കയിലെത്തിയത്. ഉംറ നിർവഹിക്കാനാവിശ്യമായ ഇഹ്‌റാം ഡ്രസ്സിലാണ് ഹാജിമാർ മക്കയിലെത്തുന്നത്. തനിമക്ക് കീഴിലും ഹാജിമാരെ വിരുന്നൂട്ടി സ്വീകരിച്ചു.
മക്ക അസീസിയയിലാണ് ഇവർക്ക് താമസ സൗകര്യം. എത്തുന്ന ഹാജിമാരെല്ലാം കഅബക്കരികിലെത്തി ഉംറ നിർവഹിക്കും. ഇതിനായി ഇവരുടെ താമസ സ്ഥലത്ത് നിന്നും മുഴുസമയവും ഷട്ടിൽ ബസ് സർവീസുണ്ട്. കാൽ ലക്ഷത്തിലേറെ ഇന്ത്യൻ ഹാജിമാർ ഇതിനകം മക്കയിലും മദീനയിലുമായി എത്തിക്കഴിഞ്ഞു. ഹാജിമാർക്ക് ഹജ്ജ് സർവീസ് കമ്പനികൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും മദീന സന്ദർശനം പൂർത്തിയാക്കിയ ഹാജിമാർ മക്കയിലെത്തും. ഇതോടെ തിരക്കിലേക്ക് നീങ്ങും മക്കാ നഗരി.
Adjust Story Font
16