അവകാശങ്ങൾ നേടുന്നത് വരെ ഫലസ്തീനൊപ്പം നിൽക്കും: സൗദി കിരീടാവകാശി
ഫലസ്തീൻ പ്രസിഡണ്ട് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: അവകാശങ്ങൾ നേടുന്നത് വരെ ഫലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം ആവർത്തിച്ചത്. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുമെന്നതായും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ അവകാശങ്ങൾ സ്വന്തമാക്കും വരെ കൂടെയുണ്ടാകുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാനും അതിൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കാനുമുള്ള സൗദി ഇടപെടലുകൾ അദ്ദേഹം ചർച്ച ചെയ്തു. ഫലസ്തീൻ ജനതക്ക് സമാധാനവും അവകാശങ്ങളും പ്രതീക്ഷകളും സ്വന്തമാക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. പശ്ചിമേഷ്യയിൽ പ്രശ്‌നം പടരാതിരിക്കാനുള്ള ചർച്ചകളും ഇരുവരും നടത്തി.
കഴിഞ്ഞ ദിവസമാണ് മഹ്‌മൂദ് അബ്ബാസ് സൗദിയിലെ റിയാദിലെത്തിയത്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി മാജിദ് ഫറാജും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബർ ഏഴിന് ശേഷം രണ്ടാം തവണയാണ് ഫലസ്തീൻ പ്രസിഡണ്ട് സൗദിയിലെത്തുന്നത്.
Adjust Story Font
16