Quantcast

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള: ബുറൈദ ഫെസ്റ്റിലേക്ക് സന്ദർശകരുടെ ഒഴുക്ക്

പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴമാണ് ഫെസ്റ്റിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    16 Aug 2024 2:17 PM GMT

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള: ബുറൈദ ഫെസ്റ്റിലേക്ക് സന്ദർശകരുടെ ഒഴുക്ക്
X

റിയാദ്: സൗദിയിൽ നിന്നും ഈന്തപ്പഴം കയറ്റിയയച്ചത് നൂറിലധികം രാജ്യങ്ങളിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ ഫെസ്റ്റുകളിലൊന്നായ അൽ ഖസീം പ്രവിശ്യയിൽ നടക്കുന്ന ഈന്തപ്പഴം ഫെസ്റ്റിൽ നിന്നാണ് ടൺ കണക്കിന് ഈന്തപ്പഴം കയറ്റിയയച്ചത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴമാണ് അൽ ഖസീമിലെ ബുറൈദ ഈന്തപ്പഴ ഫെസ്റ്റിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആയിരത്തിലധികം വാഹനങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.ഗൾഫ് രാജ്യങ്ങൾ, വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ തുടങ്ങിയ നൂറിലധികം രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം എത്തിക്കുന്നത്.

390,000 ടണ്ണിലധികം ഈന്തപ്പഴമാണ് ഓരോ വർഷവും ഈ മേഖലയിൽ ഉൽപാദിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഉൽപാാദനം വർധിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇരുപത് ലക്ഷത്തിലധികം പുതിയ തൈകളാണ് ഇതിനായി നട്ടു പിടിപ്പിച്ചിട്ടുള്ളത്. വിഷൻ രണ്ടായിരത്തി മുപ്പത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പദ്ധതി.

സുക്കരി ഇനത്തിൽ പെട്ട ഈന്തപ്പഴമാണ് ബുറൈദയിലെ ഏറ്റവും ജനകീയമായ ഈന്തപ്പഴം. ഇതുൾപ്പെടെ ഗുണ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന അമ്പതോളം ഇനം ഈന്തപ്പഴങ്ങളാണ് ഇത്തവണ ഫെസ്റ്റിലുള്ളത്. പുലർച്ചെ 4 മുതൽ രാവിലെ 8 മണിവരെ മാത്രമാണ് ഈ സൂഖിലെ കച്ചവടം നീണ്ടു നിൽക്കുക. ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന ഈന്തപ്പഴ ഫെസ്റ്റിലേക്ക് നിരവധി സന്ദർശകരാണ് ഒഴുകിയെത്തുന്നത്.

ഈന്തപ്പഴ ഉൽപാദനത്തിൽ ഇത്തവണ 124 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായി സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 16 ലക്ഷം ടണ്ണിലധികം ഈന്തപ്പഴമാണ് ഈ വർഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഉല്പാദിപ്പിച്ചത്. രാജ്യത്തുടനീളം ഈന്തപ്പന കൃഷി വ്യാപിപ്പിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയത്.

TAGS :

Next Story