സംസം താമസ സ്ഥലങ്ങളിലെത്തും; വിതരണത്തിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം
തീർഥാടകർക്ക് തടസങ്ങളില്ലാതെ വേഗത്തിൽ സംസം ജലം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ സംവിധാനം
ഇത്തവണ ഹജ്ജ് തീർഥാടകർക്ക് സംസം ബോട്ടിലുകൾ താമസസ്ഥലങ്ങളിലെത്തും.ഇതിനായി ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആരംഭിച്ചതായി സംസം വിതരണ കമ്പനി അറിയിച്ചു. തീർഥാടകർക്ക് തടസങ്ങളില്ലാതെ വേഗത്തിൽ സംസം ജലം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ സംവിധാനം.
തീർഥാടകർക്ക് അവരുടെ താമസ സ്ഥലങ്ങളിൽ സംസം ബോട്ടിലുകൾ എത്തിച്ച് നൽകുന്നതിന് വേണ്ടി ആരംഭിച്ചതാണ് സംസം ഇലക്ട്രോണിക് പ്ലാറ്റ് ഫോം. വനിതകളുൾപ്പെടെ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ മുഴു സമയവും ഇതിനായി പ്രവർത്തിക്കും. എല്ലാ തീർഥാകരുടേയും ഡാറ്റാ ബേസ് സംസം പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഹജ്ജ് പ്ലാറ്റ് ഫോമുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ തീർഥാടകരുടെ താമസ സ്ഥലങ്ങളുടെ ഇലക്ട്രോണിക് നമ്പറുകളും ഈ ഡാറ്റാ ബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താമസ സ്ഥലങ്ങളിൽ സംസം ബോട്ടിലുകൾ ലഭിക്കേണ്ട തീർഥാടകർ സംസം പ്ലാറ്റ് ഫോമിൽ രജിസ്റ്റ്ർ ചെയ്യണം. തുടർന്ന് കണ്ട്രോൾ സെൻ്ററിൽ നിന്നുള്ള നിർദേശമനുസരിച്ച് വെയർ ഹൌസിൽ നിന്നും സംസം തീർഥാടകരുടെ താമസ സ്ഥലത്തേക്കയക്കും. ഈ സമയത്ത് തീർഥാടകന് ഒരു രഹസ്യ കോഡ് നമ്പർ സംസം വിതരണ കമ്പനി അയക്കുന്നതാണ്. ഡെലിവറി വാഹനത്തിൻ്റെ ഡ്രൈവറും, തീർഥാടകരുടെ സൂപ്പർവൈസറും തമ്മിൽ ബന്ധപ്പെട്ടാണ് തുടർന്നുള്ള കാര്യങ്ങൾ പൂർത്തിയാക്കുക. തീർഥാടകൻ സംസം ബോട്ടിൽ കൈപറ്റുമ്പോൾ ഡെലിവറി ചെയ്യുന്ന ആൾക്ക് നേരത്തെ ലഭിച്ച രഹസ്യ കോഡ് കൈമാറണം. തടസ്സങ്ങളോ താമസമോ കൂടാതെ തീർഥാടകന് സംസം ജലം ലഭ്യമാക്കി എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.
Adjust Story Font
16