ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം; രജിസ്ട്രേഷൻ മെയ് 15 വരെ തുടരും
നേരത്തെ രജിസട്രേഷൻ നടപടികൾ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്
ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറിയിപ്പ് ലഭിക്കുന്നവർക്ക് അബ്ഷിർ പ്ലാറ്റ് ഫോമിൽ നിന്നും പെർമിറ്റുകൾ പ്രിന്റ് ചെയ്യാം. മെയ് 15 വരെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ കുത്തിവെപ്പെടുക്കണം.
ആഭ്യന്തര ഹജ്ജ് തീർഥാടകൾക്കുള്ള ഹജ്ജ് പെർമിറ്റുകൾ ഇന്ന് മുതൽ അനുവദിച്ച് തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.നേരത്തെ രജിസട്രേഷൻ നടപടികൾ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. പെർമിറ്റുകൾ അനുവദിക്കുന്ന മുറക്ക് പെർമിറ്റ് നമ്പർ അപേക്ഷകർക്ക് എസ്എംഎസായി ലഭിക്കും. അതിന് ശേഷം അബ്ഷിർ പ്ലാറ്റ് ഫോമിൽ നിന്നും പെർമിറ്റുകൾ പ്രിൻ്റ് ചെയ്യാവുന്നതാണ്. കൂടാതെ നുസുക്ക് ആപ്ലിക്കേഷനിലെ ബുക്കിംഗ് സ്റ്റാറ്റസിൽ നിന്നും പെർമിറ്റ് അനുവദിച്ചോ എന്നറിയാനും സാധിക്കും.
അതേസമയം, ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിട്ടില്ലെന്നും സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് മെയ് 15 വരെ രജിസ്ട്രേഷൻ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് പരിഗണന. 4000 റിയാൽ, 8100 റിയാൽ, 10,400 റിയാൽ, 13,200 റിയാൽ എന്നിങ്ങിനെ നാല് പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മക്കയിലെത്താനുള്ള ഗതാഗത സേവനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹജ്ജിന് അനുമതി ലഭിക്കുന്നവർ കോവിഡ്-19 വാക്സിൻ, ഇന്‍ഫ്‌ളുവന്‍സ വാക്സിൻ, അഞ്ചു വര്‍ഷത്തിനിടയിൽ ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16