സൗദി- തുര്‍ക്കി ബന്ധം വീണ്ടും സജീവമായി; വ്യാപാര വിനിമയത്തില്‍ വലിയ വര്‍ധനവ്
സൗദി നിക്ഷേപകരെ ഓഹരി വിപണിയിലേക്കും തുർക്കി ധനകാര്യ മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
ദമ്മാം: സൗദി- തുര്‍ക്കി ഉഭയകക്ഷി വ്യാപാരത്തില്‍ വൻ വര്‍ധനവ്. ഇടക്കാലത്ത് വഷളായ ബന്ധം വീണ്ടും ഊഷ്മളമായതോടെയാണ് നേട്ടം. കഴിഞ്ഞ 10 മാസത്തിനിടെ 4.3 ബില്യണ്‍ ഡോളറിന്റെ വിനിമയം ഇരു രാജ്യങ്ങളുടേയും വ്യാപാര ഇടപാടിലൂടെയുണ്ടായി.
സൗദിയും തുര്‍ക്കിയും വിവിധ വിഷയങ്ങളിൽ രണ്ടു തട്ടിലായിരുന്നു. തുർക്കിയുടെ സൗദി വിരുദ്ധ പ്രസ്താവനയോടെ അവർക്കെതിരെ വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്കരണവുമായി രംഗത്തെത്തി.
ഇതിനുശേഷം ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളുടെ ചർച്ചകളിലൂടെ ബന്ധം പുനഃസ്ഥാപിച്ചു. ഇതോടെ ഉഭയകക്ഷി വ്യാപാരം വീണ്ടും സജീവമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യപാര വിനിമയത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി തുര്‍ക്കി ധനകാര്യ മന്ത്രി നൗറുദ്ദീന്‍ നബതായ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 3.7 ബില്യണ്‍ ഡോളർ മാത്രമായിരുന്നു വ്യാപാരം.
സൗദി നിക്ഷേപകരെ ഓഹരി വിപണിയിലേക്കും തുർക്കി ധനകാര്യ മന്ത്രി ക്ഷണിച്ചിട്ടുണ്ട്. സൗദിയിൽ നിന്നും തുർക്കിയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണവും വർധിക്കുന്നുണ്ട്.
Adjust Story Font
16