സൗദി ഇസ്രയേലുമായി അടുക്കുന്നു; ഫലസ്തീൻ വിഷയത്തിൽ ധാരണക്ക് ശ്രമം
ഇസ്രയേലുമായുള്ള യു.എസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി
റിയാദ്: ഇസ്രയേലുമായി ബന്ധം അടുത്തുവരുന്നതായും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചർച്ചകളെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫലസ്തീൻ ഞങ്ങൾക്ക് പ്രധാനമാണെന്നും, ബന്ധം പുനസ്ഥാപിക്കും മുമ്പ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കിരീടാവകാശിയുടെ വെളിപ്പെടുത്തൽ. ഇസ്രയേലുമായുള്ള യുഎസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി.
ഇസ്രയേലും സൗദിയും തമ്മിൽ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് മധ്യസ്ഥ ശ്രമം ഊർജിതമാക്കുന്നതിനിടെയാണ് യുഎസ് ചാനലായ ഫോക്സ് ന്യൂസിന് സൗദി കിരീടാവകാശിയുടെ അഭിമുഖം. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് സൗദി നിരന്തരം അടുക്കുന്നുവെന്നാണ് കിരീടാവകാശി പറഞ്ഞത്. അതിന് പക്ഷേ ഞങ്ങൾക്ക് ഫലസ്തീനാണ് വിഷയം. ഇതുവരെ നടന്ന മധ്യസ്ഥ ചർച്ചകൾ നല്ല നിലയിലാണ്. ഫലസ്തീന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ തയ്യാറാണ്. ഇത് ഇസ്രയേലിന് ഗുണമേ ഉണ്ടാക്കൂവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ഇസ്രയേലുമായി യുഎസിന്റെ ഗൗരവമുള്ള ചർച്ചയാണ്. ഓരോ ദിനവും ഇസ്രയേലുമായി അടുക്കുകയാണ്. ശീതയുദ്ധത്തിന് ശേഷമുള്ള ചരിത്രപരമായ കരാറാകും ഇസ്രയേലുമായി പുലരാൻ പോകുന്നത്. അത് പക്ഷേ, കരാറിൽ ഫലസ്തീന് എന്ത് പരിഗണന നൽകുന്നു എന്നതിന് ആശ്രയിച്ചാകുമെന്നും കിരീടാവകാശി ആവർത്തിച്ചു. 2019ന് ശേഷം ആദ്യമായണ് സൗദി കിരീടാവകാശി ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുമ്പോൾ ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് ഫലസ്തീനുമായും സൗദി ചർച്ച നടത്തിയിരുന്നു. ഇത് സൗദി യുഎസിനെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16