ശൈഖ് മുഹമ്മദ് കെയ്റോയിൽ; അൽ സീസിയുമായി കൂടിക്കാഴ്ച നടത്തി
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളിലെ സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു
ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെത്തി. വിമാനത്താവളത്തിൽ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ചയും വിവിധ വിഷയങ്ങളിലെ ചർച്ചയും നടന്നു.
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളിലെ സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു. അന്താരാഷ്ട്ര, പ്രദേശിക വിഷയങ്ങളെ കുറിച്ച് നിലപാടുകൾ പങ്കുവെച്ച ഇരുവരും പ്രാദേശിക സ്ഥിരതയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഈജിപ്ത് സന്ദർശനത്തിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ശൈഖ് മുഹമ്മദ്, യു.എ.ഇയും ഈജിപ്തും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തതായി കുറിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട്മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖർ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്.
Adjust Story Font
16