Quantcast

കുവൈത്തിൽ വിദേശികളുടെ ചികിത്സ ദമാന് കീഴിലെ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കം

അടുത്ത വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിത്സ ദമാൻ കമ്പനി ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    26 Aug 2022 7:21 PM GMT

കുവൈത്തിൽ വിദേശികളുടെ ചികിത്സ ദമാന് കീഴിലെ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ചികിത്സാ സേവനങ്ങൾ ഹെൽത്ത് അഷ്വറൻസ് കമ്പനിക്ക് കീഴിലെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹെൽത്ത് അഷ്വറൻസ് കമ്പനിയായ ദമാനുമായി ആരോഗ്യമന്ത്രാലയം ചർച്ച നടത്തി.

വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്നു പൂർണമായും മാറ്റി ദമാന് കീഴിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹെൽത്ത് അഷ്വറൻസ് ആശുപത്രികളുടെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനും യോഗത്തിൽ ധാരണയായതായി പ്രാദേശികപത്രം റിപ്പോർട്ട്‌ ചെയ്തു. അടുത്ത വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിത്സ ദമാൻ കമ്പനി ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

സർക്കാർ ആശുപത്രികളിളെയും ക്ലിനിക്കുകളിലേയും സേവനങ്ങൾ സ്വദേശികൾക്കു മാത്രമാക്കുന്ന നടപടി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അടുത്തിടെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ ആശുപത്രികളിലെ സേവനം കുവൈത്ത് പൗരന്മാർക്ക് മാത്രമാക്കുക എന്ന സർക്കാർ തീരുമാനം നിലവിൽ ജാബിർ ആശുപത്രിയിൽ മാത്രമാണ് നടപ്പാക്കിയത്. ജഹ്റ, ഫർവാനിയ ആശുപത്രികളും ഉടൻ സ്വദേശികൾക്ക് മാത്രം ആക്കുമെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

ആദ്യഘട്ടത്തിൽ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും ചികിത്സയായിരിക്കും ദമാൻ ആശുപത്രികളിൽ ലഭ്യമാകുക. ഇൻഷുറൻസ് ഗുണഭോക്താക്കളായ വിദേശികളെ സ്വീകരിക്കുന്നതിനായി ജഹറയിലെയും അഹമ്മദിയിലെയും ആശുപത്രികൾ സജ്ജമായിട്ടുണ്ടെന്നും ഈ രണ്ടു ആശുപത്രികളിലും മെഡിക്കൽ ബെഡ്ഡുകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായതായും കമ്പനി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

TAGS :

Next Story