'ഉറച്ച ആത്മവിശ്വാസത്തോടെ മാറ്റത്തിന് നേതൃത്വം നല്‍കിയാല്‍ വിജയം സുനിശ്ചിതം'; ഡോ.സാദ് അൽ-ബറാക്ക്
രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
കുവൈത്ത്: ഉറച്ച ആത്മവിശ്വാസത്തോടെ മാറ്റത്തിന് നേതൃത്വം നല്‍കിയാല്‍ വിജയം സുനിശ്ചിതമാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും നിക്ഷേപ-എണ്ണ മന്ത്രിയുമായ ഡോ.സാദ് അൽ-ബറാക്ക്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അടിത്തറയും നട്ടെല്ലും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ ആഗോളതലത്തിലെ വെല്ലുവിളികൾ കണക്കിലെടുത്ത് വളർച്ചാ സാധ്യതകൾ മെച്ചപ്പെടുത്താൻ സാമ്പത്തിക രംഗത്ത് ഘടനാപരമായ പരിഷ്കാരം ആവശ്യമാണെന്ന് ഡോ.സാദ് അൽ-ബറാക്ക് പറഞ്ഞു. നിലവില്‍ വരുമാനത്തിന്‍റെ 88 ശതമാനവും എണ്ണയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ഈ അമിത ആശ്രിതത്വം അപകടരമാണ് . വരും വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ എണ്ണ വില താഴാനുള്ള സാധ്യത ഏറെയാണ്. ഇത്തരം വെല്ലുവിളികള്‍ നേരിടുവാന്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കണമെന്നും ഇതിന്‍റെ ആദ്യ പടിയായി രാജ്യത്തെ ദ്വീപുകളെ മേഖലയിലെ തന്നെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അൽ-ബറാക്ക് പറഞ്ഞു.അൽ-റായ് പത്രം സംഘടിപ്പിച്ച 'ഓൺ ദി അജണ്ട' എന്ന സാമ്പത്തിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുകയും മറ്റ് സാമ്പത്തിക സ്രോതസ്സുകളെ വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അൽ-ബറാക്ക് വ്യക്തമാക്കി .ഇതിലൂടെ അടുത്ത 15 വർഷത്തിനുള്ളിൽ 250,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16