ഹത്തയിലെ വെള്ളച്ചാട്ട നിർമാണം പുരോഗമിക്കുന്നു; ടൂറിസം മേഖലയ്ക്ക് ഉണർവാകും
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നേറുന്നത്.
ദുബൈ: സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബൈയിലെ ഹത്ത പ്രദേശം. 46 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന സുസ്ഥിര വെള്ളച്ചാട്ടം പദ്ധതി പുരോഗമിക്കുകയാണ്. പദ്ധതി വഴി 500 പേർക്ക് തൊഴിൽ ലഭിക്കും.
കഴിഞ്ഞവർഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ്ഹത്തയിൽ വെള്ളച്ചാട്ട നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നേറുന്നത്. ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പ്രവർത്തന പുരോഗതി വിലയിരുത്തി.
അതേസമയം, പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ല. ഹത്ത ഡാമിന്‍റെ മുകൾഭാഗമാണ് വെള്ളച്ചാട്ടമാക്കി മാറ്റുന്നത്. ഈ വെള്ളം പുനരുപയോഗം ചെയ്യാനും സംവിധാനവുമുണ്ട്. റസ്റ്റോറന്റുകളും മറ്റും ഇവിടെ ഒരുക്കും. വിനോദ കേന്ദ്രമൊരുക്കുന്നതിനൊപ്പം പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വെള്ളച്ചാട്ടം നിർമിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും ഇവിടെ ഏർപ്പെടുത്തും.
കേബിൾ കാർ, സ്കൈ ബ്രിഡ്ജ്, ട്രക്കിങ് എന്നിവ വെള്ളച്ചാട്ടത്തിന്റെ ഭാഗമായി യാഥാർഥ്യമാകും. ഇവിടെ നിർമിക്കുന്ന ഹോളിഡേ ഹോംസ് വഴി 100 ദശലക്ഷം ദിർഹമിന്റെ വാർഷികനേട്ടം പ്രദേശ വാസികൾക്ക് ലഭിക്കും.
ഹത്ത മേഖലയിൽ സൈക്കിൾ ട്രാക്കുകളുടെ ഉൾപ്പെടെ ആദ്യഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഹത്ത ബസ് സ്റ്റേഷനിൽ നിന്ന് ഹത്ത ഡാമിലേക്കുള്ള 11.5 കിലോമീറ്റർ സൈക്കിൾ ട്രാക്കിന്‍റെ നിർമാണം പൂർത്തിയായി. മൗണ്ടൈൻ ബൈക്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതിലൂടെ സഞ്ചരിക്കാനാകും. നഗരത്തിൽ നിന്ന് ഹത്തയിലേക്ക് നേരിട്ട് ബസുകൾ സർവീസ്
നടത്തും.
Adjust Story Font
16