ഹജ്ജ് കർമ്മങ്ങള്‍ നടക്കുമ്പോള്‍ നടപ്പാതകൾ തണുപ്പിക്കും; പദ്ധതി ഈ വർഷം മുതല്‍
ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് ലക്ഷ്യം
മക്കയിലെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി ഈ വർഷം നടപ്പാക്കും. ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് ലക്ഷ്യം. കല്ലേറ് കർമം നിർവഹിക്കുന്ന മിനായിലുള്ള ജംറയിൽ ഇത്തവണ ഈ പദ്ധതി പരീക്ഷിക്കുന്നുണ്ട്.
ഹജ്ജിലെ പുണ്യ സ്ഥലങ്ങളായ അറഫ, മിനാ, മുസ്ദലിഫ എന്നിവയെ ബന്ധിപ്പിക്കുന്ന നടപ്പാതകളാകും തണുപ്പിക്കുക. ഇതുവഴിയാണ് ഹാജിമാർ ഹജ്ജ് കർമങ്ങൾക്കിടെ നീങ്ങുക. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച് ട്രെയിൻ ബസ് സർവീസുകൾ ഹജ്ജ് ദിനങ്ങളിലുണ്ടാകും. എങ്കിലും നിരവധി ഹാജിമാർ അറഫ കഴിഞ്ഞും, മിനായിൽ തങ്ങുമ്പോഴും ഈ പാതകളുപയോഗിക്കും.
മിനായിൽ നിന്ന് ജംറയിലേക്ക്, അഥവാ കല്ലേറ് കർമം നടക്കുന്ന സ്ഥലത്താണ് ആദ്യ തണുപ്പിക്കൽ പരീക്ഷണം. ഇവിടെ ടാറിങ് ഉള്ള ഭാഗത്ത് നിലം പ്രത്യേക മിശ്രിതം ഉപയോഗിച്ച് ചൂട് പിടിച്ചെടുക്കാത്തവയാക്കും. ഇതോടെ നടന്നെത്തുന്ന തീർഥാടർക്ക് വലിയ ചൂടേൽക്കില്ല. അന്തരീക്ഷം തണുപ്പിക്കാൻ സ്പ്രേകളും പ്രവർത്തിക്കുന്നതിനാൽ ചൂട് നിയന്ത്രിക്കാനാകും.
ഹജ്ജ് ദിനങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂടുണ്ടാവുക. എന്നാൽ ചൂടേൽക്കുന്ന നടപ്പാതകളുടെ താപനില 70 ഡിഗ്രി സെൽഷ്യസായി വരെ അനുഭവപ്പെടാറുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ മാറ്റം.
Adjust Story Font
16