ശതകോടി അശരണർക്ക് അന്നമെത്തിക്കും; 'വൺബില്യൺ മീൽസ്' പദ്ധതിക്ക് റമദാൻ ഒന്നുമുതൽ തുടക്കം
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്
ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അന്നമെത്തിക്കുന്ന യു.എ.ഇയുടെ ''വൺ ബില്യൺ മീൽസ്' പദ്ധതി ഇക്കുറിയും നടത്തും. റമദാനിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി ഇത്തവണയും തുടരുമെന്ന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂം പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ പദ്ധതിക്ക് തുടക്കം കുറിക്കും.
ലോകത്ത് പത്തിലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്ലാമികവുമായ ദൗത്യമെന്ന നിലയിലാണ് പദ്ധതി ഇത്തവണയും തുടരുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വരും ദശകത്തിലേക്ക് സ്ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതി മുഖേന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030 ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പ്രധാനമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണ പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. പലസ്തീൻ, ലബനൻ, ജോർദൻ, സുഡാൻ, യമൻ, ടുണീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാശേദ്, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണപൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
Adjust Story Font
16