അബൂദബിയിൽ അതിവേഗ നഷ്ടപരിഹാര കോടതികൾ വരുന്നു
തൊഴിൽ തർക്കങ്ങൾ, വേതനം നൽകാതിരിക്കൽ, വാണിജ്യ-സിവിൽ കേസുകൾ എന്നിവ പുതിയ കോടതി കൈകാര്യം ചെയ്യുമെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു.
അബുദബിയിൽ അതിവേഗ നഷ്ടപരിഹാര കോടതികൾ വരുന്നു. 5 ലക്ഷം ദിർഹമിന് താഴെയുള്ള സാമ്പത്തിക തർക്കങ്ങൾ റെക്കോർഡ് സമയത്തിൽ തീർപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്. ചെറുകിട സിവിൽ, വാണിജ്യ, തൊഴിൽ, ശമ്പള തർക്കങ്ങളും ഈ കോടതിയുടെ പരിധിയിൽ വരും.
തൊഴിൽ തർക്കങ്ങൾ, വേതനം നൽകാതിരിക്കൽ, വാണിജ്യ-സിവിൽ കേസുകൾ എന്നിവ പുതിയ കോടതി കൈകാര്യം ചെയ്യുമെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു. അതിവേഗ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കും. കൂടുതൽ ഗുരുതരമായ കാര്യങ്ങൾ മറ്റ് കോടതികളിലേക്ക് കൈമാറും.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും ജൂഡീഷ്യൽ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശാനുസരണമാണ് പുതിയ കോടതി സ്ഥാപിച്ചത്. പുതിയ കോടതിയിൽ ജഡ്ജിമാർ ഒരു തവണ മാത്രമെ വാദം കേൾക്കൂ. കേസ് പരിഹരിക്കുന്ന ദിവസം തർക്ക പരിഹാരം സംബന്ധിച്ച വിധി പുറപ്പെടുവിക്കും. യു.എ.ഇയിൽ ഒട്ടേറെ ഫാസ്റ്റ് ട്രാക്ക് കോടതികൾ നേരത്തെയും സ്ഥാപിച്ചിട്ടുണ്ട്. 20,000 ദിർഹം വരെയുള്ള സിവിൽ, വാണിജ്യ കേസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ പ്രഥമ ഏകദിന കോടതി 2017ൽ റാസ് അൽ ഖൈമയിലാണ് സ്ഥാപിച്ചത്.
ദുബൈയിലും ഏകദിന കോടതി ഇതേവർഷം ആരംഭിച്ചു. ജനവാസമേറിയ ദേര, ബർദുബൈ എന്നിവിടങ്ങളിലെ കേസുകളാണ് ഈ കോടതിയിലൂടെ 24 മണിക്കൂറിനുള്ളിൽ വിധി പുറപ്പെടുവിക്കുന്നത്.
2018ൽ അബൂദബിയിലും ഏകദിന കോടതി സ്ഥാപിച്ചു. യാത്രാ വിലക്ക് നീക്കൽ, മദ്യപാനം, ടൂറിസ്റ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ വേഗത്തിൽ തീർപ്പാക്കാൻ ഈ കോടതിയായിരുന്നു ഇടപെട്ടിരുന്നത്.
Adjust Story Font
16