എൽക്ലാസിക്കോ വോളിബോളിൽ ട്രെയിനിങ് മേറ്റ്സ് ജേതാക്കളായി; റണ്ണേഴ്സ് കപ്പ് അൽ അഹ്ലി ക്ലബ്ബിന്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് വോളിബോൾ ടൂർണമെൻ്റിൽ സൗദിയിലെ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടിയത്
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നടന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് വോളിബോൾ ടൂർണമെൻ്റിൽ ട്രെയിനിങ് മേറ്റ്സ് ജേതാക്കളായി.അൽ അഹ്ലി ക്ലബ്ബുമായുള്ള ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു സെറ്റുകൾ നേടിക്കൊണ്ടാണ് ട്രെയിനിങ് മേറ്റ്സ് കപ്പുയർത്തിയത്. വർണാഭമായ കലാപരിപാടികളും മത്സരത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് വോളിബോൾ ടൂർണമെൻ്റിൽ സൗദിയിലെ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടിയത്. വോളിബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തിയ മത്സരത്തിന് ട്രെയിനിങ് മേറ്റ്സ് കപ്പുയർത്തിയതോടെ പരിസമാപ്തിയായി. സൗദി വോളിബോൾ ഫെഡറേഷൻ പ്രതിനിധി ഹനാൻ അൽ ഖഹത്താനിയിൽ നിന്നും ട്രെയിനിങ് മേറ്റ്സ് ടീം കപ്പ് ഏറ്റുവാങ്ങി. അൽ അബീർ മാർക്കറ്റിംഗ് ഡയറക്ടർ ഇമ്രാനിൽ നിന്നും അൽ അഹ്ലി ക്ലബ് റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. മത്സരത്തിൻ്റെ ആദ്യസെമിയിൽ മലയാളി താരങ്ങളടങ്ങുന്ന അറബ്‌കോയെ പരാജയപ്പെടുത്തിയാണ് അൽ അഹ്ലി ഫൈനലിൽ എത്തിയത്. രണ്ടാം സെമിയിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അൽ നോറസിനെ കീഴ്‌പ്പെടുത്തിയതോടെ ട്രെയിനിങ് മേറ്റ്സും ഫൈനലിലെത്തി.
വാശിയേറിയ മത്സരത്തിൻ്റെ ഓരോ ഇടവേളകളിലും വർണാഭമായ വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. ഗായകൻ ജമാൽ പാഷയും പാകിസ്ഥാനി ഗായകൻ ബസ്സാമും ബംഗ്ലാദേശി ഗായിക റുവാസും സദസ്സിനെ കയ്യിലെടുക്കുന്ന ഗാനങ്ങളുമായി വേദിയിലെത്തി. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക കായിക രംഗത്തെ നിരവധി പേർ സമാപന ചടങ്ങിൽ സന്നിഹതരായിരുന്നു. എൽക്ലാസിക്കോ ചെയർമാൻ ഹിഫ്‌സുറഹ്‌മാൻ, സൈനുദ്ധീൻ, നൗഫൽ ബിൻ കരീം, അഷ്‌റഫ് അൽഹർബി, മജീദ്, മൻസൂർ ഫറോക്ക്, എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
Adjust Story Font
16