ദുബൈ യാത്ര: സന്ദർശക വിസക്കാർ ഇനിയും കാത്തിരിക്കണം
കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ദുബൈ അധികൃതർ നീക്കിയത്.
ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും ദുബൈയിലേക്ക് സന്ദർശക വിസക്കാർക്കോ മറ്റു ട്രാൻസിറ്റ് വിസക്കാർക്കോ വരാനുള്ള സാഹചര്യം ഒരുങ്ങിയില്ല. ഇവർ ഇനിയും കാത്തിരിക്കണമെന്നാണ് ദുബൈ അധികൃതർ പറയുന്നത്. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ് എങ്കിലും റസിഡൻസ് വിസയില്ലാത്തവർക്ക് ദുബൈയിലേക്ക് വരാൻ കഴിയില്ല.
കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും. ഇന്ത്യയ്ക്ക് പുറമേ, നൈജീരിയ, ദക്ഷിണാഫ്രിക്ക രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും അനുമതി ലഭിച്ചിട്ടുണ്ട്.
ദുബൈയിലെത്തുന്ന യാത്രക്കാർക്ക് പുതിയ കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം, 48 മണിക്കൂർ മുമ്പെടുത്ത പിസിആർ ഫലം കൈയിൽ കരുതണം (ക്യുആർ കോഡ് സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ), വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത റാപിഡ് ടെസ്റ്റ് ഫലവും കൈയിൽ കരുതണം, ദുബൈയിലെത്തിയാൽ ഒരു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം എന്നിങ്ങനെയാണ് നിബന്ധനകൾ.
പുതിയ തീരുമാനത്തോടെ നാട്ടിൽ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചു പോകാനുള്ള വഴിയൊരുങ്ങി. കോവിഡ് വർധിച്ചതോടെ ഏപ്രിൽ 25നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിരുന്നത്. പത്തു ദിവസത്തേക്കായിരുന്നു വിലക്ക് എങ്കിലും പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു.
മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുന്ന നിരവധി പേരാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. വിസാ കാലാവധി കഴിയാറായവരും നാട്ടിൽ കഴിയുന്നു. എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ നടപടികളുടെ വേഗം പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ആദ്യ ഡോസ് എടുത്ത ശേഷം അടുത്ത ഡോസിനായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. വാക്‌സിൻ ദൗർലഭ്യത്തിന് പരിഹാരം കാണുകയും വിതരണം വേഗത്തിലാക്കുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. പ്രവാസികൾക്ക് വാക്‌സിനേഷൻ വേഗത്തിലാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
നാലു മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനയിലും ആശങ്കയിലുണ്ട്. സാധാരണഗതിയിൽ അന്താരാഷ്ട്ര യാത്രക്കാർ മൂന്ന് മണിക്കൂറിന് മുമ്പാണ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യേണ്ടത്. വിമാനത്താവളത്തിനുള്ളിൽ റാപിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയാലേ പറഞ്ഞ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താൻ കഴിയൂ.
Adjust Story Font
16