11 പേരെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ
യു.കെയിലെ എട്ട് സ്ഥാപനങ്ങൾ പട്ടികയിൽ, ഒമ്പത് യു.എ.ഇ പൗരൻമാരും
ദുബൈ: 11 പേരെയും എട്ട് സ്ഥാപനങ്ങളെയും യു.എ.ഇ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തി. മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി. തീവ്രവാദത്തെ തടയാനും അവർക്ക് ധനസഹായം നൽകുന്നവരെ പിടികൂടാനും തുടരുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം.
തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ 11 വ്യക്തികളിൽ ഒമ്പതുപേരും യു.എ.ഇ സ്വദേശികളാണ്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെയാണ് തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വീഡിഷ് പൗരൻ യൂസുഫ് ഹസൻ അഹമ്മദ് അൽ മുല്ല, യു.എ.ഇ തുർക്കി പാസ്‌പോർട്ടുകളുള്ള സഈദ് ഖദീം അൽ മരി, യു.എ.ഇ സ്വീഡിഷ് പൗരത്വമുള്ള ഇബ്‌റാഹിം അഹമ്മദ് അൽഹമ്മാദി, യു.എ.ഇ പൗരൻമാരായ ഇബ്രാഹിം ഇബ്രാഹിം അബ്ദുല്ല അഹമ്മദ് അൽഹാശ്മി, ജസീം റാശിദ് ആൽശംസി, ഖാലിദ് ഉബൈദ് അൽസഅബി, അബ്ദുറഹ്‌മാൻ അൽ സാബിരി, ഹുമൈദ് അബ്ദുല്ല അൻ നുഐമി, അലി ഹസൻ അൽഹമ്മാദി, മുഹമ്മദ് അലി അൽഹമ്മാദി, യമൻ പൗരനായ അബ്ദുറഹ്‌മാൻ അൽ ഹദ്‌റമി എന്നിവരാണ് തീവ്രവാദപട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾ.
യു.കെ.യിലെ കാംബ്രിഡ്ജ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് സെന്റർ, ഇമാജിൻ ലിമിറ്റഡ്. വെംബിലി ട്രീ ലിമിറ്റഡ്, വസ്‌ല ഫോർ ഓൾ, ഫ്യൂച്ചർ ഗ്രാജ്വേറ്റ്‌സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഹോൾഡ്‌കോ യു.കെ. പ്രോപ്പർട്ടീസ്, നാഫൽ കാപ്പിറ്റൽ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16