കളിച്ചു കൊണ്ടിരിക്കെ കൂറ്റൻ തിരമാല; മാതാവിന്റെ മുമ്പിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ തിരമാല മഫാസിനെയും സഹോദരി ഫാത്തിമയെയും വിഴുങ്ങുകയായിരുന്നു, ഫാത്തിമയെ രക്ഷപെടുത്തി
കൂറ്റൻ തിരമാലയിൽപ്പെട്ട് ദുബൈയിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. ദുബൈ ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കൂടെ ഉണ്ടായിരുന്ന സഹോദരിയെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച ദുബൈയിലെ അൽ മംസാർ ബീച്ചിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു മഫാസും കുടുംബവും. ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ തിരമാല മഫാസിനെയും സഹോദരി ഫാത്തിമയെയും വിഴുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അറബ് വംശജനാണ് ഫാത്തിമയെ തിരയിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് ശനിയാഴ്ച വൈകിട്ട് ദുബൈ പൊലീസ് മഫാസിന്റെ മൃതദേഹം കണ്ടെത്തി.
കാസർകോട് ചെങ്കള സ്വദേശിയും ദുബൈയിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് മഫാസ്. രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർഥിയാണ്.
മാതാവിന്റെ കണ്മുമ്പിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നീന്തൽ വശമുള്ളവരായിരുന്നു മഫാസും ഫാത്തിമയും. എന്നാൽ ഉയരത്തിലെത്തിയ തിരമാലയിൽ നിമിഷ നേരം കൊണ്ട് മഫാസ് അകപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു മുതൽ ദുബൈ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Adjust Story Font
16