2023 യു.എ.ഇക്ക് 'സുസ്ഥിരതാ വർഷം': സുസ്ഥിര ഭാവിക്കായുള്ള പദ്ധതികളുണ്ടാകുമെന്ന് പ്രഖ്യാപനം
കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് ഈവർഷം യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാജ്യം സുസ്ഥിരതാ വർഷാചരണം പ്രഖ്യാപിച്ചത്
2023, യു എ ഇക്ക് സുസ്ഥിരതാ വർഷം. പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വരും തലമുറക്ക് സുസ്ഥിര ഭാവി ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ഈവർഷമുണ്ടാകും.
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി കോപ് 28 ന് ഈവർഷം യു എ ഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാജ്യം സുസ്ഥിരതാ വർഷാചരണം പ്രഖ്യാപിച്ചത്. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുക. സുസ്ഥിര കാലാവസ്ഥ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂട്ടായ കാഴ്ച്ചപ്പാടും ഇച്ഛാശക്തിയും ആവശ്യമാണെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ചൂണ്ടിക്കാട്ടി.
ഈ രംഗത്തെ പുതിയ കണ്ടെത്തലുകൾക്കും യോജിച്ച പ്രവർത്തനങ്ങൾക്കും ഉച്ചകോടിയുടെ ആതിഥേയരെന്ന് നിലയിൽ യു എ ഇ മുഴുവൻ പിന്തുണയും നൽകും. വെല്ലുവിളികളെ അതീജീവിച്ച് വരുംതലമുറക്ക് സുസ്ഥിര ഭാവി ഉറപ്പാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വായനാവർഷം, ദാന വർഷം, സായിദ് വർഷം, സഹിഷ്ണുതാവർഷം എന്നിങ്ങനെ 2015 മുതൽ എല്ലാവർഷവും ഓരോ ആശയങ്ങളിൽ വർഷാചരണം പ്രഖ്യാപിക്കാറുണ്ട്.
Adjust Story Font
16