എയർപോർട്ട് പ്രവർത്തനം പൂർവസ്ഥിതിയിലായില്ല; ദുബൈയിൽ റദ്ദാക്കിയത് 1,244 വിമാനങ്ങൾ
ടെർമിനൽ ഒന്നിൽ വിമാനം ഇറങ്ങിത്തുടങ്ങി
ദുബൈ: കനത്തമഴയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ യു.എ.ഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 1,244 വിമാനങ്ങൾ. 46 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അവതാളത്തിലായ ദുബൈ വിമാനത്താവള പ്രവർത്തനം ഇനിയും പൂർവ സ്ഥിതിയിലേക്ക് മടങ്ങിയിട്ടില്ല. അതേസമയം, 24 മണിക്കൂറിനകം പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്.
അതിനിടെ, ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ ഇന്ന് മുതൽ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങി. ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ നടപടികൾ ആരംഭിച്ചു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ യാത്രക്കാർക്ക് യാത്രാനടപടികൾ ആരംഭിക്കാം. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൺഫേംഡ് ടിക്കറ്റ് കൈവശമുള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഷാർജ വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനങ്ങൾ ഇന്ന് പുലർച്ചെ നാല് മുതൽ സർവീസ് പുനഃരാരംഭിച്ചു. എന്നാൽ, എയർഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരടക്കം നിരവധി പേർ ഇപ്പോഴും വിമാനത്താവളത്തിൽ അനിശ്ചിതത്വത്തിലാണ്. ദുബൈ മെട്രോ ഭാഗികമായി സർവീസ് പുനരാരംഭിച്ചു.
അതേസമയം, യു.എ.ഇയിലെ മിക്ക നഗരങ്ങളും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിലാണ്. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ നഗരങ്ങളിലെ പ്രധാനറോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാൻ കഴിയാതെ കെട്ടിടങ്ങളിൽ കുടുങ്ങിയവരും നിരവധിയാണ്. കെട്ടിടങ്ങളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് പ്രവാസി കൂട്ടായ്മകളും സേവനരംഗത്ത് സജീവമാണ്.
884 flights were canceled at Dubai International Airport in the last two days
Adjust Story Font
16