യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചത് 96 കമ്പനികൾ
യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബൈ: കനത്ത ചൂടിൽ നിന്ന് പുറം ജീവനക്കാർക്ക് ആശ്വാസം നൽകാനായി യു.എ.ഇ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ലംഘിച്ചത് 96 കമ്പനികൾ. 1,13,000 സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 96 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്നു മാസത്തേക്കായിരുന്നു യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നത്. ഇക്കഴിഞ്ഞ 15ന് നിയമം പിൻവലിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു വരെ വിശ്രമം അനുവദിക്കണമെന്നായിരുന്നു നിർദേശം.
ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആത്മാർഥമായി പ്രവർത്തിച്ച സ്വകാര്യ കമ്പനികൾക്കും പൊതുജനങ്ങൾക്കും നന്ദി പറയുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 19 വർഷമായി യുഎഇയിൽ ഉച്ചവിശ്രമം നടപ്പാക്കിവരുന്നുണ്ട്. നിയമം ലംഘിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെയാണ് പിഴ.
Adjust Story Font
16