ദുബൈയിലൊരു ജോലി; പാരാലിമ്പിക്സ് താരം ഷഫീഖിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു
ദുബൈയിലെത്തിയ താരത്തിന്റെ വിശേഷങ്ങള്‍ മീഡിയാവണ്ണും ഗള്‍ഫ് മാധ്യമവുമടക്കം പുറത്തുവിട്ടിരുന്നു
ദുബൈ: അന്തര്‍ദേശീയ പാരാലിമ്പിക്സ് ഫുട്‌ബോള്‍ താരവും കേരള സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി പുരസ്‌കാര ജേതാവുമായ ഷഫീഖ് പാണക്കാടിന്റെ ദുബൈയിലൊരു ജോലി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു.
ദുബൈയിലെത്തിയ താരത്തിന്റെ വിശേഷങ്ങള്‍ മീഡിയാവണ്ണും ഗള്‍ഫ് മാധ്യമവുമടക്കം പുറത്തുവിട്ടിരുന്നു. ദുബൈയില്‍ ഒരു ജോലി ലഭിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞാണ് ബിസിനസ് രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് 'സ്‌നേഹസമ്മാന'മായി യു.എ.ഇ റെസിഡന്‍സി വിസ നല്‍കിയത്.
തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ച ഇന്ത്യന്‍ താരം കൂടിയായ ഷഫീഖ് പാണക്കാടന്‍, മലപ്പുറം ജില്ലയിലെ ചേളാരി, പടിക്കല്‍ സ്വദേശിയാണ്. ഇറാനില്‍ നടന്ന വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്താണ് താരം ദുബൈയിലെത്തിയത്. കൂടുതല്‍ ഭിന്നശേഷി സൗഹൃമായ ദുബൈയെ ഇക്കാര്യത്തില്‍ കേരളം മാതൃകയാക്കണമെന്നാണ് ഷഫീഖിന്റെ അപേക്ഷ.
യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, അബ്ദുല്‍ സലാം ചൊക്ലി, ഇ.സി.എച്ച് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി എന്നിവര്‍ ചേര്‍ന്ന് സ്‌നേഹസമ്മാനം കൈമാറി. ചടങ്ങില്‍ കുഞ്ഞു മുഹമ്മദ് പടിക്കല്‍, അഷ്റഫ് തോട്ടോളി, മുഹമ്മദ് കമ്മിള്ളി, ജാഫര്‍ കരയില്‍, അംജദ് ചേലേമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
Adjust Story Font
16