അബൂദബിയും മാറുന്നു; സൗജന്യ പാർക്കിങ് ഇനി ഞായറാഴ്ച
ഞായറാഴ്ച ദിവസങ്ങളിൽ റോഡ് ചുങ്കം ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ചകളിൽ ഇനി അബൂദബിയിൽ സൗജന്യ പാർക്കിങ്. ഇതുവരെ വെള്ളിയാഴ്ചയായിരുന്നു എമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി.
വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ചയായിരിക്കും ഇനി ഫ്രീ പാർക്കിങ് സൗകര്യം ലഭ്യമാവുകയെന്ന് അബൂദബി നഗരസഭയും ട്രാൻസ്‌പോർട്ട് വകുപ്പുമാണ് അറിയിച്ചത്. ഈ മാസം 15 മുതലാണ് പുതിയ മാറ്റം നടപ്പിൽ വരിക. ഞായറാഴ്ച ദിവസങ്ങളിൽ റോഡ് ചുങ്കം ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു. ദർബ് ഗേറ്റുകളിലൂടെ തിരക്കേറിയ സമയത്തും ചുങ്കം നൽകാതെ സുഗമമായി യാത്ര ചെയ്യാനാകും.
വെള്ളിയാഴ്ചയും പ്രവർത്തിദിനമാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നതും വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ചയാക്കി മാറ്റിയിരുന്നു.
അതേസമയം ഷാർജയിൽ വെള്ളിയാഴ്ച തന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം. ഷാർജയിൽ വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ മൂന്നു ദിവസമായി സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവധിയും ദീർഘിപ്പിച്ചിട്ടുണ്ട്. മറ്റ് എമിറേറ്റുകളിലൊക്കെയും സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റാനാണ് നീക്കം.
അവധി ദിവസം സൗജന്യ പാർക്കിങ് ക്രമീകരണം വരുന്നത് റോഡ് സുരക്ഷക്കൊപ്പം വാഹന ഉപയോക്താക്കൾക്കും ഗുണകരമാകുമെന്ന് അബൂദബി ട്രാൻസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി.
Adjust Story Font
16