ഫോം കപ്പുകൾ നിരോധിച്ച് അബൂദബി; ജൂൺ ഒന്ന് മുതൽ വിലക്ക്
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തെർമോകോൾ, സ്റ്റിറോഫോം തുടങ്ങിയ പോളിസ്ട്രീൻ കൊണ്ട് നിർമിക്കുന്ന പാത്രങ്ങൾക്കാണ് ജൂൺ ഒന്ന് മുതൽ നിരോധം നിലവിൽ വരുന്നത്.
അബൂദബി: അബൂദബിയിൽ ഫോം കപ്പുകൾക്ക് നിരോധം ഏർപ്പെടുത്തുന്നു. അടുത്തമാസം ഒന്ന് മുതലാണ് സ്റ്റിറോഫോമിൽ നിർമിച്ച കപ്പുകൾക്കും പാത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്. അബൂദബിയിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധത്തിന്റെ തുടർച്ചയായാണ് നടപടി. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തെർമോകോൾ, സ്റ്റിറോഫോം തുടങ്ങിയ പോളിസ്ട്രീൻ കൊണ്ട് നിർമിക്കുന്ന പാത്രങ്ങൾക്കാണ് ജൂൺ ഒന്ന് മുതൽ നിരോധം നിലവിൽ വരുന്നത്.
സ്റ്റിറോഫോമിൽ നിർമിച്ച കപ്പുകൾ, പാത്രങ്ങൾ, മൂടികൾ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. പലതവണ ഉപയോഗിക്കാൻ കഴിയുന്ന ഫോം സ്റ്റോറേജുകൽ, കൂളറുകൾ എന്നിവക്ക് വിലക്ക് ബാധകമല്ല. പഴം, ഇറച്ചി, പാലുൽപന്നങ്ങൾ എന്നിവ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോം ഉൽപന്നങ്ങൾക്കും, മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ എന്നിവക്കും നിരോധത്തിൽ ഇളവുണ്ടെന്ന് അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ തുടർച്ചാണ് പുതിയ നടപടി.
Adjust Story Font
16