സ്‌കൂൾബസിൽ അബൂദബി പൊലീസിന്റെ ബോധവത്കരണവും സുരക്ഷാ പരിശീലനവും
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾബസുകളിൽ അബൂദബി പൊലീസിന്റെ ബോധവൽകരണം. സ്‌കൂൾ ബസിൽ സംഭവിക്കാവുന്ന അപകടങ്ങളും പരിക്കും തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചാണ് പൊലീസ് നേരിട്ടെത്തി ബോധവൽകരിക്കുന്നത്.
അബൂദബി പൊലീസ് സ്‌കൂൾ ബസുകളിൽ എത്തി ബോധവത്കരണം നടത്തുന്ന വീഡിയോ പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സ്‌കൂൾബസിൽ എല്ലായ്‌പ്പോഴും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് കുട്ടികളെ ബോധ്യപ്പെടുത്തി. സ്‌കൂൾ ബസിൽ മാത്രമല്ല കാറിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും പൊലീസ് നിർദേശിക്കുന്നു.
വാഹനങ്ങളുടെ ഡോറുകൾ സഞ്ചരിക്കുമ്പോൾ തുറക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ചൈൽഡ് ലോക്കുകൾ മുതിർന്നവർ തന്നെ കൈകാര്യം ചെയ്യണം. 4 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് പ്രത്യേകമായുള്ള ഇൻഫാന്റ് കാർ സീറ്റുകൾ സജ്ജീകരിക്കണം.
സുരക്ഷിതമായ ഇരുത്തം ഉറപ്പാക്കാനായി, കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനുമനുസരിച്ചുള്ള കാർ സീറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. കുട്ടികളുടെ സീറ്റ് ബെൽറ്റുകൾ മുതിർന്നവർ തന്നെ കൈകാര്യം ചെയ്യണം. പത്തിന് താഴെ പ്രായമുള്ള കുട്ടികളെയും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികളെയും ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. പകരം, സീറ്റ് ബെൽറ്റുകൾ ഉറപ്പിച്ച് പിൻസീറ്റിൽ തന്നെ അവരെ ഇരുത്തണമെന്നും പൊലീസ് നിർദേശിക്കുന്നു. സ്‌കൂൾബസിൽ സുരക്ഷാ സംവിധാനങ്ങൾ പാലിച്ച് വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥികളെ പൊലീസ് സമ്മാനം നൽകിയാണ് സ്വീകരിച്ചത്.
Adjust Story Font
16