അക്രമവാസന വളർത്തുന്ന ഇ-ഗെയിമുകളിൽനിന്ന് കുട്ടികളെ അകറ്റണമെന്ന് അബൂദബി പൊലീസ്
അക്രമവാസന വളർത്തുന്ന ഇലക്ട്രോണിക് വീഡിയോ ഗെയിമുകൾ ഉപയോഗിക്കുന്നതിൽനിന്ന് കുട്ടികളെയും കൗമാരക്കാരെയും അകറ്റിനിർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. അബൂദബി പൊലീസാണ് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം ഗെയിമുകൾ കൗമാരക്കാരിൽ ആക്രമണാത്മക സ്വഭാവം വളർത്തുന്നതിനും അവർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നതിനും കാരണമാകുന്നതായി പൊലീസ് വിലയിരുത്തി. ഇത്തരം ഗെയിമുകളുടെ ഉപയോഗം ഒരു ആസക്തിയായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അബുദാബി പൊലീസ് പറയുന്നു.
കുട്ടികൾ പലപ്പോഴും അവർ കാണുന്നത് അനുകരിക്കാൻ ശ്രമിക്കുകയും അവരുടെ സമയം കളയാനുള്ള മാർഗമായി അവ ഉപയോഗിക്കുകയും ചെയ്യും. ഇത് കൂടെയുള്ള കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുന്നതിന് വരെ ഇടയാക്കുമെന്നും പൊലീസ് പറയുന്നു.സ്മാർട്ട്, ഇലക്ട്രോണിക് ഉപകരണങ്ങളും ഇ-ഗെയിമുകളും കുട്ടികൾ സുരക്ഷിതമായാണ് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Adjust Story Font
16