കുതിപ്പ് തുടങ്ങി അബൂദബി റിയൽ എസ്റ്റേറ്റ് മേഖല, രണ്ടു മാസത്തിനിടെ 1724 കോടിയുടെ ഇടപാട്
ഈ വർഷം ആദ്യ രണ്ടു മാസം മാത്രം ശതകോടി മൂല്യമുള്ള അയ്യായിരത്തിലേറെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് എമിറേറ്റിൽ നടന്നത്.

അബൂദബി: 2025 വർഷത്തിന്റെ തുടക്കത്തിലും കുതിപ്പു തുടർന്ന് അബൂദബിയിലെ റിയൽ എസ്റ്റേറ്റ് മേഖല. ഈ വർഷം ആദ്യ രണ്ടു മാസം മാത്രം ശതകോടി മൂല്യമുള്ള അയ്യായിരത്തിലേറെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് എമിറേറ്റിൽ നടന്നത്.
1724 കോടി ദിർഹം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അബൂദബിയിൽ രേഖപ്പെടുത്തിയത്. അബൂദബി മുനിസിപ്പാലിറ്റി വകുപ്പിന് കീഴിലെ ദാരി പ്ലാറ്റ്ഫോമിലെ കണക്കുകൾ പ്രകാരം, ജനുവരി ഒന്നു മുതൽ മാർച്ച് രണ്ടു വരെ, 980 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് വില്പന നടന്നു. ആകെ നടന്ന ഇടപാടുകൾ 2,676. 720 കോടി ദിർഹം മൂല്യമുള്ള 2,352 മോർട്ഗേജ് ഇടപാടുകളും ഇക്കാലയളവിലുണ്ടായി.
എമിറേറ്റിൽ കൂടുതൽ ആഗോള നിക്ഷേപകർ പണമിറക്കുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. ഡിമാൻഡ് വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ അബൂദബിയിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഭാവി ശോഭനമാണെന്ന് നേരത്തെ പ്രോപ്പർട്ടി മോണിറ്റർ പ്രവചിച്ചിരുന്നു.
കഴിഞ്ഞ വർഷം 24.2 ശതമാനത്തിന്റെ വളർച്ചയാണ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ രേഖപ്പെടുത്തിയിരുന്നത്. ആകെ നടന്നത് 9,620 കോടി ദിർഹം മൂല്യമുള്ള 28,249 ഇടപാടുകൾ. 2024ൽ 38 പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് എമിറേറ്റിൽ വില്പനയ്ക്കായി ഉണ്ടായിരുന്നത്. 12 സുപ്രധാന പ്രോജക്ടുകളും പ്രഖ്യാപിച്ചിരുന്നു. റസിഡൻഷ്യൽ അടക്കമുള്ള പ്രോജക്ടുകളുടെ വില്പനയാണ് മേഖലയിലെ കുതിപ്പിൽ പ്രകടമാകുന്നത്.
Adjust Story Font
16