Quantcast

അബൂദബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു; ഷാജി എൻ. കരുണിന് ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരം

അവാർഡ് സമർപ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ

MediaOne Logo

Web Desk

  • Published:

    13 Aug 2024 2:16 PM GMT

Abu Dhabi Shakti Awards Announced; Shaji N. Karun got T.K. Ramakrishnan Award
X

അബൂദബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബൂദബി ഏർപ്പെടുത്തിയ അബൂദബി ശക്തി തായാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. 1987ൽ അബൂദബി ശക്തി അവാർഡ് കമ്മിറ്റി രൂപീകരിച്ചതു മുതൽ അതിൻന്റെ ചെയർമാനായി പ്രവർത്തിച്ച മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്റെ സ്മരണ മുൻനിർത്തി ഏർപ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഈ സാംസ്‌കാരിക പുരസ്‌കാരം.

മലയാള സാഹിത്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികൾ കണ്ടെത്തി അവ എഴുതിയ സാഹിത്യകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1987 മുതൽ നൽകിവരുന്ന 38ാമത് അബൂദബി ശക്തി അവാർഡുകൾക്ക് താഴെ പറയുന്നവർ അർഹരായി.

വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ് മീനമ്പലം സന്തോഷിനും (വേദി, ജനകീയ നാടകം, രംഗാനുഭവപഠനം) പ്രൊഫ. വി. കാർത്തികേയൻ നായർക്കും (ചരിത്ര പഠനവും സമൂഹവും) ലഭിച്ചു.

കവിതാ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ കടൽ കടന്ന കറിവേപ്പുകൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചപ്പോൾ കഥയ്ക്കുള്ള പുരസ്‌കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകൾ), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ), ഡോ. രതീഷ് കാളിയാടൻ (കുട്ടിക്കുട ഉഷാറാണ്) എന്നിവർക്കാണ്.

നാടകത്തിനുള്ള അവാർഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തിൽ (ഒച്ചയും കാഴ്ചയും) എന്നിവർ പങ്കിട്ടെടുത്തു. നോവലിനുള്ള അവാർഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവൽ സ്വന്തമാക്കി.

സാഹിത്യ വിമർശകനും വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനിവാരികയുടെ പത്രാധിപരുമായിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ൽ രൂപം നൽകിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാർഡ് ഇത്തവണ എം. കെ. ഹരികുമാർ (അക്ഷര ജാലകം), ആർ വി എം ദിവാകരൻ (കാത്തുനിൽക്കുന്നു കാലം) എന്നിവർ പങ്കിട്ടു.

വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ളയുടെ സ്മരണക്കായി 2014 ൽ ഏർപ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി - എരുമേലി അവാർഡ് പി. പി. ബാചന്ദ്രന്റെ എ.കെ.ജിയും ഷേക്‌സിപിയറും എന്ന ഗ്രന്ഥത്തിനർഹമായി.

പി.പി. അബൂബക്കർ രചിച്ച 'ദേശാഭിമാനി ചരിത്രം' എന്ന മാധ്യമ രംഗത്തെ കുറിച്ചുള്ള ഗ്രന്ഥവും സിയാർ പ്രസാദ് രചിച്ച 'ഉപ്പുകൾ' എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്‌കാരങ്ങൾക്കായി തിരഞ്ഞെടുത്തു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ അവാർഡുകൾ. രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളിൽ തുക തുല്യമായി വീതിച്ചു നൽകും.

പുരസ്‌കാര സമിതി ചെയർമാൻ പി. കരുണാകരൻ, കൺവീനർ എ.കെ. മൂസ മാസ്റ്റർ, അംഗം പ്രഭാവർമ, ശക്തി മുൻ സെക്രട്ടറി രവി ഇടയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

അവാർഡ് സമർപ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവാർഡ് സമർപ്പണം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.

TAGS :

Next Story