റേസിങ്ങ് പ്രാക്ടീസിനിടെ അപകടം; നടൻ അജിത് പരിക്കില്ലാതെ രക്ഷപ്പെട്ടു
താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി
ദുബൈ: തമിഴ് സിനിമാതാരം അജിത് കുമാർ ഓടിച്ച റേസിങ് കാർ അപകടത്തിൽപെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്. അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. തകർന്ന കാറിൽ നിന്ന് അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന് മറ്റൊരു വാഹനത്തിൽ കയറുന്നതും കാണിക്കുന്നുണ്ട്.
സിനിമയ്‌ക്ക് പുറമേ കാർ റേസിങിലും താൽപര്യമുള്ള അജിത് കഴിഞ്ഞ ദിവസം കുടുംബത്തോട് യാത്ര പറഞ്ഞ് ദുബൈയിലേക്ക് തിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ റേസിങ് നടക്കുന്നത്. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് മൽസരത്തിൽ പങ്കെടുക്കുന്നത്.
Adjust Story Font
16