അബൂദബി അഡിപെക് മേള; നഗരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, അല്‍ മഖ്ത പാലം തുടങ്ങിയ ഇടങ്ങളിൽ ഉൾപ്പെടെയാണ് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം വിലക്കുന്നത്
വലിയ വാഹനങ്ങളും തൊഴിലാളികളുമായി പോവുന്ന ബസ്സുകളും നാളെ മുതൽ അബൂദബിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക നിയന്ത്രണം. അബൂദബി പൊലീസ് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. അഡ്‌നകില്‍ അഞ്ചുവരെ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പെട്രോളിയം എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, അല്‍ മഖ്ത പാലം തുടങ്ങിയ ഇടങ്ങളിൽ ഉൾപ്പെടെയാണ് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം വിലക്കുന്നത്. നാളെ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് നിയന്ത്രണം. പൊതു ശുചീകരണ കമ്പനികളുടെ വാഹനങ്ങള്‍ക്കും ചരക്ക് നീക്ക വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം മികവുറ്റതാക്കാന്‍ സ്മാര്‍ട്ട് ഗതാഗത നിരീക്ഷണ സംവിധാനവും ട്രാഫിക് പട്രോളുകളും എല്ലാ പാതകളിലും ഏര്‍പ്പെടുത്തും.
അഡിപെക് മേളയിൽ 2200ലേറെ കമ്പനികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി 54 പ്രമുഖ ഊര്‍ജ കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. ആഗോള കാലാവസ്ഥാ, ഊര്‍ജ വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ഊര്‍ജ പരിവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനുള്ള ഡീ കാര്‍ബണൈസേഷന്‍ നീക്കങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
Adjust Story Font
16