40 മണിക്കൂറിലേറെ വിമാനത്താവളത്തിൽ; ദുരിതം തീരാതെ ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ
ഇന്ന് വിവാഹിതനാവേണ്ട വരനും യാത്രക്കാരിലുണ്ട്
പ്രതീകാത്മ ചിത്രം
ഷാർജ:ഷാർജയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് 40 മണിക്കൂറിലേറെ നീണ്ട ദുരിതം. രാവും പകലും വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ ഇവരെ ഇന്ന് വിമാനത്തിൽ കയറ്റിയെങ്കിലും മണിക്കൂറുകളായി വിമാനം വൈകുകയാണ്. ഇന്ന് വിവാഹിതനാകേണ്ട നവവരനും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.
ഏപ്രിൽ 16 ന് രാത്രി 11 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇവർ. മഴക്കെടുതിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ കഴിഞ്ഞ 40 മണിക്കൂറിലേറെ സമയം കൈകുഞ്ഞങ്ങളടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടുകയായിരുന്നു. ഇന്ന് ഇവരെ വിമാനത്തിൽ കയറ്റിയെങ്കിലും വിമാനം പിന്നെയും മണിക്കൂറുകൾ വൈകുകയാണ്.
മഴക്കെടുതിയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബോർഡിങ് പാസ് കൈപറ്റിയ എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ പോലും ആളില്ലായിരുന്നുവെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
Adjust Story Font
16