ജൂലൈ 21 വരെ സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ; യാത്രാവിലക്ക് നീളുമെന്ന് ആശങ്ക
അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് ജൂലൈ 21വരെ വിമാന സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു
ജൂലൈ 21 വരെ യു.എ.ഇയിലേക്ക് വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ. യുഎഇ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനി വെബ്സൈറ്റ് മുഖേന അറിയിച്ചു. ഇതിനകം ടിക്കറ്റ് എടുത്തവർക്ക് സൗജന്യമായി മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് ജൂലൈ 21വരെ വിമാന സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. നേരത്തെ ജൂലൈ ആറുവരെയായിരുന്നു യാത്രവിലക്കെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നത്. അതാണിപ്പോൾ 21 ലേക്ക് മാറ്റിയത്.
ജൂൺ 23മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് പ്രവേശിക്കാമെന്ന ഉത്തരവ് പ്രബാല്യത്തിൽ വന്നിരുന്നു. ഇതേ തുടർന്ന് യാത്രവിലക്ക് നീങ്ങുമെന്ന പ്രതീക്ഷയും ഉയർന്നു. എമിറേറ്റ് അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചത് പ്രതീക്ഷ വർധിപ്പിച്ചു. ദുബൈ യാത്രയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുകയാണ്. എയർ ഇന്ത്യ കൂടി യാത്രവിലക്ക് വ്യക്തമാക്കിയതോടെ 21ന് മുമ്പായി വിമാന സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങി.
യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയും ലഭിച്ചാൽ ജൂലൈ 7ന് യാത്ര പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. യു.എ.ഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഗോൾഡൻ, സിൽവർ വിസക്കാർക്കും യാത്രമാണ് ഇതിൽ ഇളവുള്ളത്.
Adjust Story Font
16