ബുക്കിങ് നിർത്തി എയർ ഇന്ത്യ; നാല് യു.എ.ഇ-കോഴിക്കോട് വിമാന സര്‍വീസുകളുടെ ഭാവി തുലാസില്‍, പ്രവാസി പ്രതിഷേധം ശക്തം
സ്വകാര്യവത്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ബുക്കിങ് നിര്‍ത്തുന്നതെന്നാണ് സൂചന
ദുബൈ: യു.എ.ഇയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നാല് വിമാനങ്ങളുടെ ബുക്കിങ് നിർത്താനുള്ള എയർ ഇന്ത്യ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ് നിർത്തുന്നത്. സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണ് ബുക്കിങ് നിർത്തുന്നത് എന്നാണ് ആശങ്ക.
മാർച്ച് 27 മുതൽ യു.എ.ഇയിൽ നിന്നുള്ള നാല് സർവീസുകളുടെ ബുക്കിങ് സ്വീകരിക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് ട്രാവൽ ഏജന്‍റുമാർക്ക് കഴിഞ്ഞ ദിവസമാണ് സന്ദേശം ലഭിച്ചത്. ദുബൈയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന് സർവീസ് നടത്തുന്ന എ.ഐ 997 എന്നിവയാണ്ബുക്കിങ് അവസാനിപ്പിക്കുന്നത്.
ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാർജ സർവീസുകളും ബുക്കിങ് സ്വീകരിക്കില്ല. നിലവിൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ വിമാനമാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. മാർച്ച്27 മുതൽ 'നോഫ്ലൈറ്റ്' എന്നാണ്വെബ്സൈറ്റിൽ കാണിക്കുന്നത്. രാത്രി 11.45നാണ് ഈ വിമാനം പുറപ്പെട്ടിരുന്നത്.
കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്കിലുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ വിമാനങ്ങൾ. ഇവ സർവീസ് അവസാനിപ്പിച്ചാൽ മറ്റ് വിമാനങ്ങൾ നിരക്കുയർത്താനും സാധ്യതയുണ്ട്. സ്വകാര്യവത്കരണത്തെ തുടർന്ന് എയർഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ഇത്തരമൊരു നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് മുസ്ലിം ലീഗ് എം.പിമാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കെ.എം.സി.സിക്കു പുറമെ പ്രവാസലോകത്തെ നിരവധി സംഘടനകളും എയർ ഇന്ത്യ നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. വിമാന നിരക്ക് വീണ്ടും ഉയരുന്ന സാഹചര്യം സാധാരണ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
Adjust Story Font
16