Quantcast

എയർ ഇന്ത്യ സമരം: ദുരിതത്തിലായി പ്രവാസികൾ

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്

MediaOne Logo

Web Desk

  • Published:

    8 May 2024 6:02 PM GMT

Air India Express has canceled services from Saudi Arabia
X

ദുബൈ: പൈലറ്റുമാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ മുടങ്ങിയതു കാരണം ദുരിതത്തിലായി പ്രവാസികൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. യു.എ.ഇ, സൗദി , ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകാൻ കുടുംബസമേതം എത്തിയ യാത്രക്കാരാണ് അപ്രതീക്ഷിത സർവീസ് റദ്ദാക്കലിൽ വലഞ്ഞത്.

വെളുപ്പിന് വിമാനത്താവളങ്ങളിൽ എത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം പോലും യാത്രക്കാർ അറിയുന്നത്. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കാലത്ത് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യൻ എക്‌സ്പ്രസ് വിമാനങ്ങളാണ് മുടങ്ങിയത്. സൗദി അറേബ്യയിൽ നിന്ന് മൂന്നും ഖത്തറിൽ നിന്ന് രണ്ടും സർവീസുകൾ റദ്ദാക്കി. സന്ദർശക വിസാ കാലാവധി തീരുന്നവരും യാത്രക്കാരിലുണ്ട്.

അബൂദബിയിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ, ദുബൈയിൽ നിന്ന് കോഴിക്കോട്, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഷാർജയിൽ നിന്ന് കൊച്ചി, കണ്ണൂർ എന്നിവക്കു പുറമെ റാസൽഖൈമയിൽ നിന്ന് രണ്ട് സർവീസുകളും റദ്ദായി. സർവീസ് നിലച്ച കാര്യം അറിയിച്ചില്ലെന്നു മാത്രമല്ല, ടിക്കറ്റ് റീഫണ്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും എയർ ഇന്ത്യ ഉദ്യോഗസ്ഥർ കുറ്റകരമായ മൗനം പാലിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.

സമരം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ മറ്റു വിമാന കമ്പനികളിൽ സീറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് പലരും. എന്നാൽ പല വിമാനങ്ങളിലും ഉയർന്ന നിരക്കാണ് നിലവിൽ. യാത്രാപ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു. പ്രവാസികൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണിതെന്നും അടിയന്തര ഇടപെടൽ വേണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്‌മാൻ ആവശ്യപ്പെട്ടു.

TAGS :

Next Story