എ കെ എം ജി എമിറേറ്റ്സ് ഇരുപതാം വാർഷികം; ശശി തരൂർ എം പി മുഖ്യാതിഥി
ഈമാസം 14 ന് അജ്മാൻ ഹോട്ടലിൽ ഐഷറീൻ എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്
ദുബൈ: യു എ ഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ കെ എം ജി എമിറേറ്റ്സ് ഇരുപതാം വാർഷികം ആഘോഷിക്കുന്നു. ഈമാസം 14 ന് അജ്മാൻ ഹോട്ടലിൽ ഐഷറീൻ എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
എ കെ എം ജി എമിറേറ്റ്സ് ഭാരവാഹികൾ ദുബൈയിൽ വാർത്താസമ്മേളനത്തിലാണ് ഇരുപതാം വാർഷികാഘോഷ പരിപാടികൾ അറിയിച്ചത്. ഐഷറീൻ സമ്മേളനത്തിൽ യു എസ്, യു കെ, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ വിദഗ്ധർ കൂടി പങ്കെടുക്കും. ശശി തരൂരിന് പുറമെ യു എ ഇയിലെ ആരോഗ്യ-വ്യവസായ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിലെത്തും. ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ചെയർമാനും എ കെ എം ജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പൻ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കും.
ഡോക്ടർമാരായ കലാകാരൻമാർ ഒരുക്കുന്ന ഋതു എന്ന നൃത്തസംഗീത നാടകം സമ്മേളനത്തിൽ അരങ്ങറും. എ കെ എം ജി വൈദ്യശാസ്ത്ര പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. അമേരിക്കയിലെ കാൻസർ വിദഗ്ധൻ ഡോ. എം വി പിള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, അബൂദബിയിലെ ജി 42 സി ഇ ഒ ആശിഷ് ഐപ് കോശി യൂത്ത് ഐക്കൺ പുരസ്കാരവും ഏറ്റുവാങ്ങും. സംഘടനയുടെ പുതിയ പ്രസിഡന്റായി ഡോ. നിർമ്മല രഘുനാഥൻ സമ്മേളനത്തിൽ ചുമതലയേൽക്കും. ഭാരവാഹികളായ ഡോക്ടർമാർ ജോർജ് തോമസ്, ജോർജ് ജേക്കബ്, സറഫുല്ല ഖാൻ, ജമാലുദ്ദീൻ അബൂബക്കർ, സുഗു മലയിൽ കോശി, ബിജു ഇട്ടിമാണി, ഫിറോസ് ഗഫൂർ, കെ എം മാത്യൂ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16